ഷാര്‍ജയെ ഇളക്കി മറിക്കാന്‍ ഷാറൂഖ് ഖാന്‍

ഷാര്‍ജ: രാജ്യാന്തര പുസ്തക മേളയില്‍ ബോളിവുഡ് താരം ഷാറൂഖ് ഖഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാറൂഖ് നവംബര്‍ 11ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയിലെ ബാള്‍ റൂമില്‍ സിനിമാ പ്രേമികളുമായി സംസാരിക്കും. മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാറൂഖ് ഖാന്റെ സിനിമ ഇമാറാത്തികള്‍ക്കും ഏറെ  ഇഷ്ടമാണ്. ഇത്തവണത്തെ ഷാര്‍ജ പുസ്തക മേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏക താരവും ഷാറൂഖ് ആയിരിക്കും. തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴത്തിലുള്ള വായനക്ക് സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഷാറൂഖ്.

നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന അദ്ദേഹം തന്റെ വായനാനുഭവങ്ങള്‍ പങ്കു വെക്കും. ബോളിവുഡില്‍ ആള്‍ റൗണ്ടറായ ഷാറൂഖ് നിര്‍മാതാവെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടിന്റെ സിനിമാ ജീവിതത്തില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാറൂഖ് 80ലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഹിന്ദി സിനിമയില്‍ റൊമാന്റിക് നായകനായി പ്രത്യക്ഷപ്പെട്ട ഷാറൂഖ് ഇപ്പോഴും ലോകം മുഴുവനും യുവാക്കളുടെ ഹരമാണ്.