അല്‍മുല്‍തഖ സബീലുല്‍ ഹിദായ സ്‌നേഹസംഗമം ശനിയാഴ്ച

അന്നഹ്ദ യുഎഇ പതിപ്പ് പ്രകാശനവും പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാര്‍ അനുസ്മരണവും

അബൂദാബി: കേരളത്തിലെ പ്രമുഖ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളജ് യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന അല്‍മുല്‍തഖ സ്‌നേഹ സംഗമം 12ന് ശനിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങുന്ന അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ ‘അന്നഹ്ദ’ അറബിക് മാഗസിന്റെ യുഎഇ പ്രത്യേക പതിപ്പിന്റെ പ്രകാശനവും സ്ഥാപന ശില്‍പിയും പ്രമുഖ സൂഫിവര്യനുമായിരുന്ന സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ അനുസ്മരണവും സംഗമത്തില്‍ നടക്കും.
1997 മുതല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പാഠ്യ പദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളജ് കേരളത്തിലെ വിജ്ഞാന മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ച സ്ഥാപനമാണ്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ‘അന്നഹ്ദ’ അറബിക് മാഗസിന്‍ ഇന്ത്യയിലെ പ്രമുഖ അറബി പ്രസിദ്ധീകരണങ്ങളിലൊന്നാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ക്കിടയിലും ഗവേഷകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടാന്‍ മാഗസിന് സാധിച്ചിട്ടുണ്ട്. 16 വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണ്.
കേരളവും യുഎഇയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ അടയാളപ്പെടുത്തുന്ന അന്നഹ്ദയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനം ചടങ്ങില്‍ യുഎഇ പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അല്‍ഹാഷിമി നിര്‍വഹിക്കും. സബീലുല്‍ ഹിദായ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സി.എച്ച് ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പ്രമുഖ വാഗ്മികളായ സ്വാലിഹ് ഹുദവി തൂത സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ അനുസ്മരണവും മുസ്തഫ ഹുദവി ആക്കോട് സന്ദേശ ഭാഷണവും നിര്‍വഹിക്കും. സബീലുല്‍ ഹിദായ പൂര്‍വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ഗവേഷകനുമായ സി.എച്ച് സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പണവും ചടങ്ങില്‍ നടക്കും.
യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ഇന്ത്യന്‍ ഇസ്‌ലാമിക്  സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, അബൂദാബി സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദു റഊഫ് അഹ്‌സനി, യു.എ നസീര്‍ ന്യൂയോര്‍ക്, സബീലുല്‍ ഹിദായ സെക്രട്ടറി അബ്ദുല്‍ ഹഖ്, ടി.മുഹമ്മദ് ഹിദായത്തുള്ള, പാങ്ങാട്ട് യൂസുഫ് ഹാജി, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി മത-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.