ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് അറ്റാദായത്തില്‍ 61.7% വര്‍ധന; പ്രഖ്യാപിച്ചത് 2022ന്റെ ആദ്യ 9 മാസങ്ങളിലെ സാമ്പത്തിക ഫലങ്ങള്‍

ഗ്രൂപ്പിന്റെ മുന്‍നിര ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ വരുമാനം 145.6% വര്‍ധിച്ചു

അബുദാബി: അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) ലിസ്റ്റ് ചെയ്ത മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ ഒന്‍പത് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങള്‍ പ്രകാരം ഗ്രൂപ്പിന്റെ ആകെ വരുമാനത്തിലുണ്ടായത് വന്‍ വളര്‍ച്ച. 2.83 ബില്യണ്‍ ദിര്‍ഹമാണ് ഇക്കാലയളവിലെ ആകെ വരുമാനം. മുന്‍  വര്‍ഷത്തെക്കാള്‍ 17% വര്‍ധന. അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 61.7% ഉയര്‍ന്ന്  205.1 മില്യണ്‍ ദിര്‍ഹമായി.
ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ മുന്‍നിര സ്ഥാപനമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി(ബിഎംസി)യില്‍ നിന്നുള്ള വരുമാനത്തില്‍ 145.6% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അര്‍ബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള സൂപര്‍ സ്‌പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് ബിഎംസിയുടെ വരുമാന വളര്‍ച്ച. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയടക്കമുള്ള സെഗ്‌മെന്റുകളിലെ മികച്ച പ്രകടനത്തിന്റെ കൂടി ഭാഗമായി പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (ഇബിഐടിഡിഎ) 13.2% വര്‍ധിച്ച് 608.4 മില്യണ്‍ ദിര്‍ഹമായി. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയും മറ്റു പ്രധാന ആശുപത്രികളും കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുകയും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിട്ടും ഇബിഐടിഡിഎ 21.5% സ്ഥിരം മാര്‍ജിനില്‍ നിലനിര്‍ത്താനായത് ഗ്രൂപ്പിന് നേട്ടമായി.
മൊത്തം രോഗികളുടെ എണ്ണം 20.4% വര്‍ധിച്ചു. ഒന്‍പത് മാസക്കാലയളവിലെ ആകെ ഔട്‌പേഷ്യന്റ് സന്ദര്‍ശനങ്ങള്‍ 4.1 ദശലക്ഷത്തിലധികമാണ്. മെഡിക്കല്‍ സെന്ററുകളുടെയും ആശുപത്രികളുടെയും പരസ്പര ബന്ധിതമായ ശൃംഖലയിലൂടെ കൂടുതല്‍ രോഗികളെ ആകര്‍ഷിക്കുകയെന്ന മാതൃകയുടെ വിജയം കൂടിയാണ് ഈ കണക്കുകള്‍.
ലോകോത്തര ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളര്‍ച്ചയെന്നും ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഐപിഒയിലൂടെ സമാഹരിച്ച 2.2 ബില്യണ്‍ ദിര്‍ഹമിലൂടെ നിലവിലുണ്ടായിരുന്ന ബാധ്യതകള്‍ നികത്താനായി. ഇതോടെ, നൂതന പദ്ധതികള്‍ നടപ്പാക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ബിസിനസിലുടനീളം മികച്ച വളര്‍ച്ച കൈവരിക്കാനും കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസ്തികളുടെ വിനിയോഗം ഉയര്‍ത്തുന്നതും സൂപര്‍ സ്‌പെഷ്യാലിറ്റികളിലൂടെ സങ്കീര്‍ണ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതുമടക്കമുള്ള തന്ത്രപ്രധാനമായ മുന്‍ഗണനകള്‍ നടപ്പാക്കാനുള്ള ഗ്രൂപ്പിന്റെ ശേഷിയാണ് സാമ്പത്തിക ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു.
ഡോ. ഷംഷീറിന് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ഒക്ടോബര്‍ 10നാണ് എഡിഎക്‌സില്‍ ലിസ്റ്റ് ചെയ്തിരുന്നത്.