ദുബൈയില്‍ ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനവുമായി മുതുകാട് എത്തുന്നു

വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

2023 ജനുവരി 14ന് ഊദ് മേത്ത ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന ‘എംപവറിംഗ് വിത് ലവ്’ പരിപാടിയില്‍ മുതുകാടും കുട്ടികളും കലാവിരുന്ന് അവതരിപ്പിക്കും

 

ദുബൈ: തിരുവനന്തപുരം മാജിക് അക്കാദമി നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട് സെന്ററിലെ( www.differentartcetnre.com )ഭിന്നശേഷി കുട്ടികളുടെ കലാ മികവുകള്‍ പ്രവാസ ലോകത്ത് അവതരിപ്പിക്കാന്‍ അതിന്റെ സ്ഥാപകനും മെന്ററുമായ ഗോപിനാഥ് മുതുകാട് ദുബൈയിലെത്തുന്നു. ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) 2023 ജനുവരി 14ന് ദുബൈ ഊദ് മേത്ത ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന ‘എംപവറിംഗ് വിത് ലവ്’ എന്ന പരിപാടിയിലാണ് മുതുകാടും കുട്ടികളും കലാവിരുന്ന് അവതരിപ്പിക്കുക. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ 33 കുട്ടികളാണ് കലാപ്രകടനങ്ങള്‍ നടത്തുകയെന്നും ഇവരുടെ ഗള്‍ഫ് മേഖലയിലെ ആദ്യ പരിപാടിയാണ് ഇതെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാജിക് ഷോ, നൃത്തം, സംഗീതം തുടങ്ങിയ വിവിധ പരിപാടികളാണ് ഉണ്ടാവുക. ഈ മേഖലയില്‍ അസാധാരണ കഴിവ് തെളിയിച്ച പ്രതിഭകളാണിവര്‍. മായാജാല പ്രകടനങ്ങള്‍ കൊണ്ട് ലോകത്തമ്പാടുമുള്ള സദസ്സിനെ വിസ്മയിപ്പിച്ച ഗോപിനാഥ് മുതുകാട് കഴിഞ്ഞ വര്‍ഷം ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി 45 വര്‍ഷത്തെ തന്റെ പ്രൊഫഷണല്‍ മാജിക് രംഗം ഉപേക്ഷിച്ചിരുന്നു. മാസ്മരിക ലോകത്ത് നിന്ന് കാരുണ്യ ലോകത്തിലേക്ക് മാറിയ ഇദ്ദേഹം ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രത്യേക സ്ഥാപനം രൂപകല്‍പന ചെയ്ത് പ്രവര്‍ത്തിച്ചു വരികയാണ്. അതിലെ കുട്ടികളുമായാണ് അദ്ദേഹം എത്തുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിന്‍ഡ്രം, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച-കേള്‍വി പ്രശ്‌നമുള്ളവര്‍, അംഗ പരിമിതര്‍ എന്നീ അവസ്ഥകളുള്ള കുട്ടികളാണ് കലാസംഘത്തിലുള്ളത്. ലോകമെമ്പാടുമുള്ള പല വേദികളിലും ഇത്തരം കുട്ടികള്‍ ഈ രീതിയില്‍ പ്രദര്‍ശനം നടത്താന്‍ സജ്ജമാണെന്നതിന്റെ സുചന കൂടിയാണ് ഈ പരിപാടി. സര്‍ഗ ശേഷി കൊണ്ട് കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസ്ഥ ഉണ്ടാക്കി കൊടുക്കുക. ആഗോള തലത്തില്‍ ഇത്തരം കുട്ടികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവര്‍ക്ക് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഐപിഎ ഈ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മുതുകാടും ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസലും ചെയര്‍മാന്‍ വി.കെ ഷംസുദ്ദീനും പറഞ്ഞു.
ശേഷിയില്ലായ്മയുടെ ലോകത്തല്ല ഈ കുട്ടികള്‍. പ്രത്യേക ശേഷിയുള്ള കുട്ടികള്‍ എന്ന അര്‍ത്ഥത്തിലാണ് ഇവരെ ഡിഫറന്റ് ആര്‍ട് സെന്റര്‍ പരിപാലിക്കുന്നത്. ആ നിലകളിലുള്ള ഇവരുടെ അതിജീവനം പ്രത്യേകിച്ചും, നമ്മെയെല്ലാം വിസ്മയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ഇത്തരത്തിലുള്ള 200 കുട്ടികള്‍ ഇപ്പോള്‍ ഈ കേന്ദ്രത്തിലുണ്ടെന്നും മുതുകാട് പറഞ്ഞു. ഇതിനു മുന്‍പും ഇത്തരത്തിലുള്ള വൈവിധ്യ ചടങ്ങുകളും ബിസിനസ് രംഗത്ത് വ്യത്യസ്തമായി മുന്നേറിയവരുടെ പ്രചോദനപ്രഭാഷണ വേദികളും മറ്റും ഐപിഎ സംഘടിപ്പിച്ചിരുന്നു. ആ ശൃംഖലയിലേക്ക് ഏറ്റവും ശ്രദ്ധേയമായി ഉള്‍പ്പെടുത്താവുന്ന പരിപാടിയാണ് ഇതെന്ന് സംഘാടകര്‍ വിശദീകരിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സിഎ തങ്കച്ചന്‍ മണ്ഡപത്തില്‍, മുനീര്‍ അല്‍ വഫാ, പരിപാടിയുടെ പ്രയോജകരായ അല്‍ മയാര്‍ ഗ്രൂപ് എംഡി മുഹമ്മദ് റഫീഖ്, സിഐഒഎന്‍ ലൈറ്റിംഗ് ടെക്‌നോളജി എംഡി ജഅ്ഫര്‍ പള്ളിക്കലകത്ത്, ലീഗല്‍ മാക്‌സിംസ് ലീഗല്‍ കണ്‍സള്‍ട്ടന്‍സ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഷറഫുദ്ദീന്‍,
റാഫി (ഡല്‍മ മെഡിക്കല്‍ സെന്റര്‍), ജെന്നി (ജെന്നി ഫ്‌ളവേഴ്‌സ്), ഷാനവാസ് (പ്രീമിയര്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ്), രാജഗോപാല്‍ (ബ്‌ളൂഡോട്ട് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്),റഷീദ് (ബ്രാനോ ഹോല്‍ഡിങ്ങ്‌സ്), ഫാറൂഖ് (സില്‍വര്‍ ലൈന്‍), അഡ്വ. അജ്മല്‍ (അല്‍കിത്ബി അഡ്വക്കേറ്റ്‌സ്), ഹാഷിം (അല്‍ഖാമ ബില്‍ഡിംഗ് മെറ്റീരിയല്‍സ്), ജോഫി (തമീം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ്),
മാധവന്‍ (എല്‍പി ഫ്‌ളക്‌സ്), അമല്‍ ഹുസൈന്‍ (വെസല്‍ ടെക്), ഹസൈനാര്‍ ചുങ്കത്ത് (ലിവര്‍പൂള്‍ മെഡിക്കല്‍ സെന്റര്‍),
ജൈലാദ് അബ്ദുല്ല (ബ്രാന്റ് ലിഫ്റ്റ് മീഡിയ) തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.