സന്താനപാലനം കുടുംബ ഭദ്രതയിലൂടെ

കുടുംബമാണ് മനുഷ്യന്റെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. മാതാപിതാക്കളും മക്കളും പേരമക്കളുമുള്‍ക്കൊള്ളുന്ന കുടുംബ ഘടന അല്ലാഹു സംവിധാനിച്ച വലിയ അനുഗ്രഹമാണ്. മനുഷ്യര്‍ക്ക് അല്ലാഹു അവരുടെ സ്വന്തത്തില്‍ ഇണകളാക്കുകയും അവര്‍ വഴി മക്കളെയും പേരക്കുട്ടികളെയും ഉണ്ടാക്കിയെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (സൂറത്തുന്നഹ്‌ല് 72). സ്‌നേഹാര്‍ദ്രതയും കരുണാവായ്പുമാണ് സന്തുഷ്ടവും സുഭദ്രവുമായ കുടുംബത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്ലാഹു പറയുന്നുണ്ട്: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതു തന്നെയത്രെ (സൂറത്തു റൂം 21).
സുഭദ്രമായ കുടുംബത്തില്‍ നിന്നാണ് സന്താനങ്ങള്‍ക്ക് യഥാര്‍ത്ഥ പരിലാളനയും പരിപാലനവും കരുതലും ജീവിത ചിട്ടയും മത ബോധവും ലഭിക്കുക. അവര്‍ക്ക് സ്രഷ്ടാവിനോടുള്ള ബന്ധം സുദൃഢമായിരിക്കും. മാതാപിതാക്കള്‍ വളര്‍ത്തും പ്രകാരം വിശ്വാസപരമായ ഒതുക്കത്തിലും മര്യാദയിലുമായിരിക്കും അവരുടെ നടപ്പ്. എല്ലാം അല്ലാഹുവിന്റെ നിരീക്ഷത്തിലാണെന്ന ബോധം സദാ ഒപ്പമുണ്ടാകും. ലുഖ്മാനുല്‍ ഹകീം (റ) മകനോട് കല്‍പ്പിക്കുന്നത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണാം: എന്റെ കുഞ്ഞു മകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകു മണിത്തൂക്കമുള്ളതാണെങ്കിലും അത് നീ അനുവര്‍ത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്, അവന്‍ സൂക്ഷ്മ ദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാന്‍ 17).
കുടുംബ ഭദ്രത പ്രധാനമായും ഉത്തരവാദപ്പെട്ടിരിക്കുന്നത് മാതാപിതാക്കളിലാണ്. അവര്‍ മക്കളുടെ പരിപാലനവും ശിക്ഷണവും കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. അവരോടൊപ്പം ഇരിക്കാനും സംസാരിക്കാനും സൗഹാര്‍ദപൂര്‍വം ഇടപെടാനും സമയം കണ്ടെത്തണണം. അവരോട് മയത്തിലായിരിക്കണം ഭാഷണം നടത്തേണ്ടത്. അവര്‍ പറയുന്നത് സശ്രദ്ധം കേള്‍ക്കുകയും വേണം. അവരുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കുകയും പ്രശ്‌നങ്ങള്‍ക്ക് ശ്രീഘം പ്രതിവിധികള്‍ നടത്തുകയും വേണം. നല്ല സുഹൃദ് വലയങ്ങള്‍ക്കുള്ള അവസരം നല്‍കണം. അവര്‍ തമ്മിലുള്ള ആശയ വിനിമയങ്ങള്‍ക്ക് ഉത്തമ മാധ്യമങ്ങള്‍ പ്രാപ്യമാക്കണം. ചീത്ത സാമൂഹിക ഇടപാടുകള്‍ ഇല്ലാതാക്കണം. മോശമായ ചങ്ങാത്തങ്ങള്‍ ഉപേക്ഷിച്ചാല്‍ നിര്‍ഭയത്വം ഉറപ്പിക്കാം. നല്ല കൂട്ടുകെട്ടുകളിലൂടെ സൈ്ഥര്യമാവുകയും ചെയ്യാം.
മക്കളുടെ പരിരക്ഷ മാതാപിതാക്കളുടെ ബാധ്യതയെന്ന പോലെ മക്കള്‍ക്ക് അവരോടും കടപ്പാടുകളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് മുസ്‌ലിം 1159). മദ്യം, ലഹരികള്‍ തുടങ്ങിയ നിഷിദ്ധ പദാര്‍ത്ഥങ്ങളുടെ ആസക്തിയില്‍ പെടാതെ, ആര്‍ക്കും ഉപദ്രവങ്ങളോ പ്രയാസങ്ങളോ ചെയ്യാതെ കുടുംബത്തിന്റെ കെട്ടുറപ്പും ശാന്തിയും കാത്തു സൂക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണ്. ലഹരി സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നാശമേ സമ്മാനിക്കൂ. ധനത്തിനും ശരീരത്തിനും ഹാനികരമായതേ അതു വരുത്തുകയുള്ളൂ. ഒടുവില്‍ ഇഹലോകവും നാശമാക്കി പരലോകവും വമ്പിച്ച പരാജയമാക്കിത്തീര്‍ക്കും. മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു.