ജിജെഇപിസി ഇന്റര്‍നാഷണല്‍ ജെം ആന്റ് ജ്വല്ലറി ഷോ സംഘടിപ്പിച്ചു

ജിജെഇപിസി ഇന്റര്‍നാഷണല്‍ ജെം ആന്റ് ജ്വല്ലറി ഷോ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്ത് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ സംസാരിക്കുന്നു

ദുബായ്: ഇന്ത്യയിലെ ജെം ആന്റ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) അന്താരാഷ്ട്ര രത്‌ന-ആഭരണ പ്രദര്‍ശനത്തിന്റെ (ഐജിജെഎസ് -ഇന്റര്‍നാഷണല്‍ ജെം ആന്റ് ജ്വല്ലറി ഷോ) രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു. ദുബായ് എകണോമി ആന്റ് ടൂറിസം സ്ട്രാറ്റജിക് അലയന്‍സ് പാര്‍ട്ണര്‍ഷിപ് സെക്ടര്‍ സിഇഒ ലൈല സുഹൈല്‍, ജിജെഇപിസി വൈസ് ചെയര്‍മാന്‍ കിരിത് ബന്‍സാലി, ദുബായ് ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ് (ഡിജിജെജി) വൈസ് ചെയര്‍മാന്‍ ചന്ദു സിറോയ, ജെജിഇപിസി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍സ് കണ്‍വീനര്‍ നിലേഷ് കോത്താരി, ജിജെഇപിസി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍സ് കോ കണ്‍വീനര്‍ മിലന്‍ ചോക്ഷി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നവംബര്‍ 8നാരംഭിച്ച ഷോ 10ന് വ്യാഴാഴ്ച സമാപിച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം,ഇന്ത്യന്‍ എംബസി എന്നിവ ഐജിജെഎസ് ദുബായിയെ പിന്തുണച്ചു. കൂടാതെ, സീക്വല്‍, ഐജിഐ, സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് എന്നിവയുടെ പങ്കാളിത്തവും പ്രദര്‍ശന മേളക്കുണ്ടായിരുന്നു.
2021-’22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ജെം ആന്റ് ജ്വല്ലറി കയറ്റുമതിയുടെ 14 ശതമാനവും കയറ്റുമതി ചെയ്യുന്ന നിലയില്‍ ഇന്ത്യന്‍ രത്‌നാഭരണ കയറ്റുമതിയുടെ പ്രധാന വിപണിയാണ് യുഎഇ. ഇന്ത്യാ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന് ശേഷം ഈ രംഗത്തെ വിപണി കൂടുതല്‍ ശക്തി പ്രാപിച്ചു. ദുബായിലെ ഐജിജെഎസ് പോലുള്ള വേദിയിലൂടെ ഇരു രാജ്യങ്ങളിലെയും ഈ രംഗത്തുളളവര്‍ക്ക് അവരുടെ ശക്തി കൂടുതല്‍ തിരിച്ചറിയാനും ഇന്ത്യാ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിനെ പ്രയോജനപ്പെടുത്താനും സഹായിക്കും.
പപശ്ചിമേഷ്യന്‍-ഉത്തരാഫ്രിക്കന്‍ (വാനാ) മേഖലയിലേക്കുള്ള ഇന്ത്യയുടെ കവാടമായി യുഎഇ പ്രവര്‍ത്തിക്കുന്നുവെന്നതാണ് മറ്റൊരു നേട്ടം. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.


അന്താരാഷ്ട്ര തലത്തില്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായി ഉയര്‍ന്ന നിലവാരമുള്ള ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഗോള ശ്രദ്ധാ കേന്ദ്രമായ ക്യുറേറ്റഡ് എക്‌സിബിഷനാണ് ഐജിജെഎസ്. ഈ വര്‍ഷം ഐജിജെഎസ് ദുബായ് 25ലധികം രാജ്യങ്ങളില്‍ നിന്നുളള മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 350ലധികം അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ആതിഥേയത്വമേകുന്നു. സാധാരണ സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട് രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആഭരണ ശ്രേണികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഐജിജെഎസ് ദുബായ്, ദുബായില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സംഘടിപ്പിച്ചത് ജിജെഇപിസിയുടെ ആദ്യ സ്റ്റാന്‍ഡ് എലോണ്‍ ഷോയായിരുന്നു.
”ഇന്ത്യന്‍ ആഭരണ നിര്‍മാതാക്കളുടെ ഒരു വലിയ നിര, ഇന്ത്യന്‍ നിര്‍മിത രത്‌നങ്ങളും ആഭരണ ഉല്‍പന്നങ്ങളും ഇവിടെ എത്തുന്ന ആഗോള ഉപയോക്താക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മേള ഉദ്ഘാടനം ചെയ്ത് അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 350ലധികം ഉപയോക്താക്കളാണ് മേളയില്‍ പങ്കെടുത്തത്. ഇത് അടുത്തിടെ ഒപ്പു വെച്ച ഇന്ത്യാ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സേപ) സാധ്യതകളും, ബിസിനസിനും സുസ്ഥിരതക്കും പിന്തുണയേകുന്ന മികച്ച വേദിയെന്ന നിലയില്‍ ദുബായിയുടെ പ്രാധാന്യത്തെയും ഈ ഷോ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ രത്‌ന, ആഭരണ വ്യവസായം ആഗോള വിപണിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന മേഖലയാണ്. ഇന്ത്യയിലും ഈ വ്യവസായ മേഖല സമാനമായ സ്ഥാനം അലങ്കരിക്കുകയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നു”വെന്നും അംബാസഡര്‍ വ്യക്തമാക്കി.
ഇന്ത്യ ഇന്ന് ജ്വല്ലറി വ്യവസായ മേഖലയില്‍ ഏറ്റവും ഉന്നത സ്ഥാനത്താണുള്ളതെന്നും ഐജിജെഎസ് ഷോ ഈ ആഗോള ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉല്‍പന്ന രൂപകല്‍പനയും വൈവിധ്യവും പ്രകടമാക്കുന്ന മേളയാണെന്നും ജിജെഇപിസി ചെയര്‍മാന്‍ വിപുല്‍ ഷാ പറഞ്ഞു. സേപയ്ക്ക് ശേഷം യുഎഇയിലേക്കുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള രത്‌ന, ആഭരണ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 ഏപ്രില്‍, സെപ്റ്റംബര്‍ കാലയളവില്‍ 12.36% വര്‍ധിച്ച് 2.9 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. വ്യാപാര ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും സേപ നല്‍കുന്ന വ്യാപാര അവസരങ്ങള്‍ മുതലെടുക്കാനുമുള്ള ഒരു നിര്‍ണായക വേദിയാണ് ഐജിജെഎസ്.
ലോകത്തെ എല്ലാ ജ്വല്ലറി നിര്‍മാതാക്കളെയും തങ്ങളുടെ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആഗോള പ്രേക്ഷകര്‍ക്ക് വിപണനം ചെയ്യാന്‍ സ്വാഗതം ചെയ്യുന്നതായി ചന്തു സിറോയ പറഞ്ഞു. യുഎഇയില്‍ 195ലധികം രാജ്യക്കാര്‍ താമസിക്കുന്നതിനാല്‍ ദുബായ് ലോകത്തിന്റെ ആഭരണ കേന്ദ്രമാണ്. ഇവിടത്തെ ജ്വല്ലറികള്‍ മികച്ച വിപണി കണ്ടെത്തുകയും ലോകത്തിലെ എല്ലാ അഭിരുചികളെയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. യുഎഇക്ക് ആഭരണങ്ങള്‍ നല്‍കുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും ചന്തു സിറോയ വ്യക്തമാക്കി.
ദുബായില്‍ ഐജിജെഎസ് സംഘടിപ്പിച്ചതിന് ജിജെഇപിസി ഇന്ത്യയോട് നന്ദി പറയുന്നതായി, ദുബായ് ഇക്കണോമി ആന്റ് ടൂറിസം സ്ട്രാറ്റജിക് അലയന്‍സ് പാര്‍ട്ണര്‍ഷിപ്പ് സെക്ടര്‍ സിഇഒ ലൈല സുഹൈല്‍ പറഞ്ഞു. ഈ നിലയിലുള്ള ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ നഗരമാണിത്. ദുബായ് ഇക്കണോമി ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എന്ന നിലയില്‍ ഞങ്ങള്‍ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള മുന്‍നിര കേന്ദ്രമായി ദുബായിയെ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ജെം ആന്റ് ജ്വല്ലറിയുടെയും കയറ്റുമതി, വജ്ര നിര്‍മ്മാണം, നിറമുള്ള രത്‌നക്കല്ലുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ ലാബ്‌ഗ്രോണ്‍ ഡയമണ്ട്‌സിന്റെ പുതിയ മേഖല എന്നിവയില്‍ ഇന്ത്യ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മുന്നിലാണെന്ന് ജിജെഇപിസി വൈസ് ചെയര്‍മാന്‍ കിരിത് ബന്‍സാലി പറഞ്ഞു. അന്താരാഷ്ട്ര ബയേഴ്‌സിന് ദുബായില്‍ നിന്ന് ഇന്ത്യന്‍ ആഭരണങ്ങള്‍ ലഭ്യമാക്കാനുള്ള സ്ഥിരമായ ഏകജാലക ലക്ഷ്യ സ്ഥാനമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. 365 ദിവസത്തെ പ്രദര്‍ശനം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ രത്‌നാഭരണങ്ങളുടെ പ്രത്യേക വിഭാഗങ്ങളെ ്രേപാത്സാഹിപ്പിക്കും. അവയെ നാല് സീസണുകളായി തിരിച്ചിരിക്കുന്നു. ഓരോ സീസണും മൂന്ന് മാസം നീളുമെന്നും അദ്ദേഹം വ്യക്തമാക്കി.