ഹരിതോര്‍ജ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ യുഎഇകൊറിയ ധാരണ

കൊറിയന്‍ എനര്‍ജി വീക്കില്‍ 385 ദശലക്ഷം ദിര്‍ഹം ഡീലുകള്‍ കൊറിയന്‍ സ്ഥാപനങ്ങള്‍ സ്വന്തമാക്കി

എനര്‍ജി വീക്കിന്റെ രണ്ടാം പതിപ്പില്‍ മികച്ച 15 എനര്‍ജി കൊറിയന്‍ കമ്പനികള്‍ 278 സാധ്യതാപങ്കാളിത്ത യോഗങ്ങള്‍ നടത്തുകയും 12 ധാരണാപത്രങ്ങളില്‍ ഒപ്പു വെക്കുകയും ചെയ്തു.

ദുബായ്: രണ്ടു ദിവസങ്ങളിലായി നടന്ന കൊറിയന്‍ എനര്‍ജി വീക്കില്‍ 385 മില്യണ്‍ ദിര്‍ഹമിലധികം വരുന്ന ഡീലുകള്‍ കൊറിയന്‍ സ്ഥാപനങ്ങള്‍ സ്വന്തമാക്കി. സുസ്ഥിര ഹരിതോര്‍ജ സംരംഭങ്ങളില്‍ യുഎഇയും കൊിറയയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഉടന്‍ നടപ്പാകുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
വെരിഫെയര്‍ ദുബായ് സംഘടിപ്പിച്ച ‘കൊറിയ എനര്‍ജി വീക് യുഎഇ 2022’  കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സര്‍കുലര്‍ സമ്പദ് വ്യവസ്ഥയിലും കാര്‍ബണ്‍ ന്യൂട്രല്‍ ഇതര ഊര്‍ജ പദ്ധതികളിലും ഊന്നല്‍ നല്‍കി യുഎഇയുടെ സുസ്ഥിര ഊര്‍ജ വിപണിയിലേക്ക് ചുവടുവെക്കാനാഗ്രഹിക്കുന്ന മിക്ക പ്രദര്‍ശകരും പുനരുപയോഗ ഊര്‍ജ മേഖലയെ പ്രതിനിധീകരിച്ചാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഇത് യുഎഇക്ക് 2050ഓടെ സമ്പൂര്‍ണ മാലിന്യ നിര്‍മുക്ത സാഹചര്യം കൈവരിക്കാന്‍ സഹായിക്കും.
”യുഎഇ, സൗദി അറേബ്യ, മേഖലയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തുന്ന സംയുക്ത സംരംഭക  പദ്ധതികള്‍ അനേകമുണ്ട്. ഇത് കാര്‍ബണ്‍ ന്യൂട്രാലിറ്റിയെ തന്ത്രപരമായി പിന്തുണക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനകരമാകും. ” എനര്‍ജി വാല്യൂ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇവിഡിഐ) പ്രസിഡന്റ് ചുല്‍ വോണ്‍ ഇം പറഞ്ഞു.
കൊറിയന്‍ വാണിജ്യഊര്‍ജവ്യവസായ മന്ത്രാലയം, ഭാവി നിക്ഷേപക  ഇടമായ ജിയോല്ല നാംഡോ, അറബ് ലോകത്തെ ആദ്യ ആണവ നിലയമായ ബറാകയുടെ ന്യൂക്‌ളിയര്‍ ഓപറേറ്റര്‍മാരും ഡെവലപര്‍മാരുമായ കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (കെപ്‌കോ), ജിയോനാം ടെക്‌നേ ാപാര്‍ക്, ഇവിഡിഐ, ഇന്റര്‍ഫെയേഴ്‌സ് കൊറിയ എന്നിവയായിരുന്നു ഉയര്‍ന്ന നിലവാരത്തില്‍ നടന്ന പ്രദര്‍ശനത്തിന്റെ സംഘാടകര്‍. ഇത്തവണത്തെ പ്രദര്‍ശനത്തില്‍ 278ലധികം സാധ്യതാ പങ്കാളിത്ത യോഗങ്ങള്‍ നടക്കുകയും 12 ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുകയും ചെയ്തു.
”കൊറിയന്‍ കമ്പനികള്‍ക്ക് മിഡില്‍ ഈസ്റ്റേണ്‍ പങ്കാളികളുമായി കൈകോര്‍ക്കാന്‍, പ്രത്യേകിച്ചും ഊര്‍ജ മേഖലയില്‍ അവസരങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് വിജയ സാഹചര്യം പ്രദാനം ചെയ്യും” കെപ്‌കോ ജനറല്‍ മാനേജര്‍ കി ഹ്യൂന്‍ ചോ അഭിപ്രായപ്പെട്ടു.
2020ലെ കണക്കനുസരിച്ച് 9.4 ബില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരമാണ് യുഎഇക്കും കൊറിയക്കുമിടയിലുണ്ടായിട്ടുള്ളത്. 2021ന്റെ ആദ്യ പകുതിയില്‍ 2 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉഭയ കക്ഷി വ്യാപാരവും സാധ്യമായി. അറബ് ലോകത്തെ കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണിന്ന് യുഎഇ.
ഇനിയും നിരവധി ധാരണാപത്രങ്ങള്‍ രൂപപ്പെടും. കൊറിയന്‍, യുഎഇ കമ്പനികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ ഡീലുകളുടെ വലുപ്പം വര്‍ധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് വെരിഫെയര്‍ ദുബായ് ഡയറക്ടര്‍ ജീന്‍ ജോഷ്വ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഉത്തേജിപ്പിക്കുന്ന മറ്റൊരു നാഴികക്കല്ലാണ് സിഇപിഎയെന്നും അദ്ദേഹം വ്യക്തമാക്കി.