ജനങ്ങളേ, ദയയുള്ളവരാകുവീന്‍…

റഊഫ് എന്നത് അല്ലാഹുവിന്റെ വിശേഷപ്പെട്ട അസ്മാഉല്‍ ഹുസ്‌നായില്‍പ്പെട്ട നാമമാണ്. തന്റെ അടിമകളോട് അല്ലാഹു അങ്ങേയറ്റം ദയാവായ്പുള്ളവനത്രേ (സൂറത്തുല്‍ ബഖറ 207). സൃഷ്ടികള്‍ക്ക് സ്രഷ്ടാവായ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ്, ആപത്തുകള്‍ തടഞ്ഞ്, ഏറെ ദയയും കാരുണ്യവും ചെയ്യുന്നവനെന്ന് അര്‍ത്ഥമാക്കുന്നതാണ് റഊഫ്. അല്ലാഹു പറയുന്നു: നീ മനസ്സിലാക്കുന്നില്ലേ, ഭൂമിയിലുള്ളതും അവന്റെ ആജ്ഞാനുസൃതം സമുദ്രത്തിലോടുന്ന ജലയാനങ്ങളും നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അവന്റെ സമ്മതമില്ലാതെ ഭൂമിക്കു മേല്‍ നിപതിക്കുന്നതില്‍ നിന്ന് ആകാശത്തെ അവന്‍ തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. മര്‍ത്യരോട് അളവറ്റ ദയയും കാരുണ്യവുമുള്ളവനേ്രത അവന്‍ (സൂറത്തുല്‍ ഹജ്ജ് 65).
അല്ലാഹു മാലോകര്‍ക്ക് കാട്ടിയ ഏറ്റവും വലിയ ദയവായ്പും കാരുണ്യ വര്‍ഷവുമാണ് പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ നിയോഗം. നബി(സ്വ)യും സകലരോടും ദയയും അനുകമ്പയുമുള്ളവരായിരുന്നു. ആശ്വാസകരവും അനായാസകരവുമായതേ നബി (സ്വ) തങ്ങള്‍ ചെയ്തിരുന്നുള്ളൂ. നബി(സ്വ)ക്ക് അവതീര്‍ണമായ പരിശുദ്ധ ഖുര്‍ആന്‍ സന്മാര്‍ഗ ദര്‍ശനമേകുന്നതും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതുമായ ദയ വിളംബരം ചെയ്യുന്ന വേദ ഗ്രന്ഥമാണ്. സൂറത്തുല്‍ ഹദീദ് 9-ാം സൂക്തത്തില്‍ കാണാം: അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നിങ്ങളെ കൊണ്ടുവരാന്‍ തന്റെ ദാസന്‍ മുഹമ്മദ് നബിക്ക് സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിച്ചവനാണവന്‍. നിങ്ങളോടവന്‍ ഏറെ ആര്‍ദ്രനും കരുണാമയനും തന്നെയാകുന്നു.
അല്ലാഹുവിന്റെ ഭാഗത്തില്‍ നിന്നുള്ള മഹത്തായ ദയയായി സത്യവിശ്വാസികളുടെ സല്‍കര്‍മങ്ങള്‍ക്കൊക്കെ സ്വീകാര്യതയേകി പ്രതിഫലം നല്‍കുന്നതായിരിക്കും: അല്ലാഹു നിങ്ങളുടെ വിശ്വാസം വൃഥാവിലാക്കില്ല, അവന്‍ ജനങ്ങളോട് പരമ ദയാലുവും കരുണാമയനും തന്നെയാകുന്നു (സൂറത്തുല്‍ ബഖറ 143). ദോഷങ്ങളില്‍ ഖേദിച്ചു മടങ്ങി പശ്ചാത്തപിക്കുന്നവര്‍ക്കും അവന്റെ അനന്തമായ ദയാവായ്പില്‍ നിന്ന് അനുഭവിക്കാവുന്നതാണ്. ഖുര്‍ആന്‍ വിവരിക്കുന്നു: അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു, അവരോട് ഏറെ ദയാലുവും കാരുണ്യവാനുമത്രെ അവന്‍ (സൂറത്തുത്തൗബ 117).
അല്ലാഹു നബി(സ്വ)യെ ദയാവായ്പുള്ളവരായി വിശേഷിപ്പിച്ചതായി ഖുര്‍ആനിലുണ്ട്: സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതര്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടുത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടുന്ന് (സൂറത്തുത്തൗബ 128).
അല്ലാഹു ദയാലു. അവന്റെ പ്രവാചകരും ദയാലു. അവന്‍ മാലോകര്‍ക്കായി പ്രവാചര്‍ക്ക് അവതരിച്ചു കൊടുത്ത വിശുദ്ധ ഗ്രന്ഥം മനുഷ്യരോട് ഉദ്‌ഘോഷിക്കുന്നതും സകലതിനോടുമുള്ള ദയാ വായ്പാണ്. ജീവിതത്തിന്റെ നിഖില മേഖലകളില്‍ കുടുംബക്കാര്‍, ബന്ധക്കാര്‍, സുഹൃത്തുക്കള്‍, അയവാസികള്‍, നാട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ ഏവരോടും ദയയുള്ളവരാകാന്‍ കല്‍പ്പിക്കപ്പെട്ടവരാണ് നാം സത്യവിശ്വാസികള്‍.