ആര്‍.റോഷന്റെ ‘ഗോഡ്‌സ് ഓണ്‍ എന്‍ട്രപ്രണേഴ്‌സ്’ പ്രകാശനം ചെയ്തു

'ഗോഡ്‌സ് ഓണ്‍ എന്‍ട്രപ്രണേഴ്‌സ്' ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലി ജോയാലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന് നല്‍കി പ്രകാശനം ചെയ്യുന്നു. പുസ്തകത്തിന്റെ രചയിതാവ് ആര്‍.റോഷന്‍, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം എന്നിവര്‍ സമീപം

ദുബായ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചു വളര്‍ന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ എം.എ യൂസഫലി. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ (ബിസിനസ് ന്യൂസ്) ആര്‍.റോഷന്‍ എഴുതിയ ‘ഗോഡ്‌സ് ഓണ്‍ എന്‍ട്രപ്രണേഴ്‌സ്’ എന്ന ഇംഗ്‌ളീഷ് പുസ്തകത്തിന്റെ അന്താരാഷ്ട്ര സമാരംഭം ലുലു ഗ്രൂപ്പിന്റെ ദുബായ് റീജ്യണല്‍ ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരുടെ ജീവിതം കൃത്യമായി വിശകലനം ചെയ്ത് തയാറാക്കിയ ഈ പുസ്തകം പുതുതലമുറക്ക് പ്രചോദനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21 മലയാളി സംരംഭകരുടെ വിജയ രഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമാണ് ‘ഗോഡ്‌സ് ഓണ്‍ എന്‍ട്രപ്രണേഴ്‌സ്’.
ജോയാലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. മലയാളികളായ സംരംഭകരുടെ  വിജയകഥ മലയാളികളല്ലാത്തവര്‍ക്കു കൂടി മനസ്സിലാക്കി കൊടുക്കാന്‍ ഈ പുസ്തകം സഹായിക്കുമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.
ഇന്ത്യയുടെയും  ഗള്‍ഫ് മേഖലയുടെയും സാമ്പത്തിക വളര്‍ച്ചയില്‍ മലയാളി വ്യവസായികള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും ആഗോള പൗരന്മാരായി വളര്‍ന്ന അവരുടെ വിജയകഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്നും ആര്‍.റോഷന്‍ പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീമും ചടങ്ങില്‍ പങ്കെടുത്തു.