ഒറ്റക്കാലില്‍ ജബല്‍ ജൈസ് കയറാന്‍ ഷഫീഖ് പാണക്കാടന്‍

ഇറാനില്‍ ആംപ്യൂട്ടീ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മടങ്ങുംവഴിയാണ് ഷഫീഖ് ദുബൈയിലെത്തിയത്.
ഉപദേശ-നിര്‍ദേശങ്ങളുമായി കെഎംസിസി രംഗത്ത്.

ദുബൈ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നിശ്ചയ ദാര്‍ഢ്യമുള്ളവരോടുള്ള യുഎഇ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അഭിനന്ദനമായി റാസല്‍ഖൈമ പൊലീസ് അധികാരികളുടെ അനുമതിയോടെ ഷഫീഖ് പാണക്കാടന്‍ 27/11/2022ന് ഞായറാഴ്ച പുലര്‍ച്ചെ 5ന് ജബല്‍ ജൈസ് പര്‍വതം ഒറ്റക്കാലില്‍ കയറും. യുഎഇ കെഎംസിസി ഈ ദൗത്യത്തിനാവശ്യമായ ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ട്.
മലബാര്‍ ഗോള്‍ഡ്, ഫോറെല്‍ ഗ്രൂപ്, തിലാല്‍ ഗ്രൂപ്, അല്‍ അറബിയ എന്നിവ ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമായിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് വേണ്ടി ഇറാനില്‍ നടന്ന ആംപ്യൂട്ടീ ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് ഷഫീഖ് ദുബൈയിലെത്തിയത്. ഇസിഎച്ച് ഡിജിറ്റല്‍ ഇദ്ദേഹത്തിന് യുഎഇ റസിഡന്‍സ് വിസ നല്‍കിയിട്ടുണ്ട്.
ഇറാനില്‍ നടന്ന പശ്ചിമേഷ്യന്‍ പാരാ ആംപ്യൂട്ടീ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷഫീഖ് പാണക്കാടന്‍, ഭിന്ന ശേഷിക്കാര്‍ക്കായി സാമൂഹിക നീതി വകുപ്പ് 2021ല്‍ ഏര്‍പ്പെടുത്തിയ കേരള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. അതേ വര്‍ഷം കേരള സംസ്ഥാന നീന്തല്‍ ചാമ്പ്യനുമായിരുന്നു. 15 കിലോമീറ്റര്‍ ദൂരം വയനാട് ചുരം ഷഫീഖ് ഒറ്റക്കാലില്‍ നടന്ന് കയറിയിട്ടുണ്ട്. നിലവില്‍ മലപ്പുറം ജില്ലാ ഡിഎപിഎല്‍ (ഭിന്നശേഷിക്കാരുടെ പീപ്ള്‍സ് ലീഗ്) ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു.
ഷഫീഖിന്റെ ജബല്‍ ജൈസ് പര്‍വതാരോഹണത്തിനാവശ്യമായ എല്ലാ പിന്തുണയും നല്‍കണമെന്ന് കെഎംസിസി അഭ്യര്‍ത്ഥിച്ചു. കെഎംസിസി നേതാക്കളായ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പി.കെ അന്‍വര്‍ നഹ, നിസാര്‍ തളങ്കര, റിയാസ് ചേലേരി അടക്കം നേതാക്കളും പ്രവര്‍ത്തകരും പര്‍വതാരോഹണത്തില്‍
ഷഫീഖിനെ അനുഗമിക്കും. ഫിനിഷിംഗ് പോയിന്റില്‍ കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, അബ്ദുള്ള ഫാറൂഖി ,പി.കെ.എ കരീം, ബഷിര്‍ കുഞ്ഞു എന്നിവരുടെ നേതൃത്വത്തില്‍ കെഎംസിസി പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിക്കും.

ഒറ്റക്കാലില്‍ മല കയറ്റം മഹത്തായ സന്ദേശം: ഷഫീഖ്

27ന് ഞായറാഴ്ച രാവിലെ 5 മണിക്ക് കയറ്റം തുടങ്ങി ഉച്ചയോട് കൂടി ജയ്‌സിന്റെ മുകളിലെ ഫിനിഷിംഗ് പോയിന്റില്‍ എത്താമെന്നാണ് കരുതുന്നതെന്ന് ഷഫീഖ് പറഞ്ഞു. ഒറ്റക്കാലിലുള്ള മല കയറ്റം ഈ സമൂഹത്തിന് നല്‍കാനാകുന്ന മഹത്തായ സന്ദേശമായാണ് ഷഫീഖ് കാണുന്നത്. ദൃഢനിശ്ചയവും കഠിന പരിശ്രമവുമുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന പാഠം.
ആംപ്യൂട്ടീ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ട് തുടങ്ങമ്പോള്‍ ടീം രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ അത് മറക്കാനാവാത്ത അനഭൂതിയായി മാറിയെന്ന് ഷഫീഖ് പറഞ്ഞു.
ബോഡി ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല. കാല്‍ നഷ്ടപ്പെട്ട ശേഷം തനിക്ക് പലതും ചെയ്യാനാകുമെന്ന് മനസ്സിലായി. കാല്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും ബോധ്യമായി. ലോറി കാലില്‍ കയറിയിറങ്ങിയതിനാല്‍ പൊടിഞ്ഞു പോയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അന്ന് സര്‍ജറി ചെയ്താണ് മുട്ടിനു മുകളില്‍ മുറിച്ചു മാറ്റിയത്.
ഷഫീഖ് ഇടത്തെ കാല്‍ നിലത്തൂന്നി രണ്ടു വടികളിലായാണ് നടക്കുന്നത്. ഈ വിധത്തില്‍ തന്നെയാണ് ഷഫീഖ് ജബല്‍ ജൈസ് കയറുക. ഷഫീഖിന്റെ പര്‍വതാരോഹണ ദൗത്യത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അറബ് പ്രമുഖരും സന്നിഹിതരാകും.
മലപ്പുറം ജില്ലയിലെ ചേളാരി പടിക്കല്‍ സ്വദേശിയായ ഷഫീഖിന് 2004ല്‍ ടാങ്കര്‍ ലോറി ഇടിച്ചു വീഴ്ത്തിയുണ്ടായ അപകടത്തിലാണ് വലത്തെ കാലിന്റെ മുട്ടിനു താഴെ നഷ്ടപ്പെട്ടത്. 10-ാം ക്‌ളാസ് പഠനം കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു അത്. കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പഠനം മുടങ്ങിയ ഇദ്ദേഹം പിന്നീട് ചെറിയ സ്‌റ്റേഷനറി ഷോപ് നടത്തി ഉപജീവനം കഴിക്കുകയായിരുന്നു. ഈയിടെയുണ്ടായ ഹൈവേ വികസനത്തില്‍ ഷഫീഖിന്റെ കട പൊളിച്ചു മാറ്റപ്പെട്ടു. നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല.
ഇറാനില്‍ നടന്നത് വേള്‍ഡ് ആംപ്യൂട്ടീ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടായിരുന്നു. ഷഫീഖ് അടക്കം നാലു മലയാളികളാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകിച്ചത്. ഉസ്‌ബെകിസ്താനോടായിരുന്നു ഇന്ത്യ ഏറ്റുമുട്ടിയത്. ഇറാന്‍, ഉസ്‌ബെക്കിസ്താന്‍, ഫലസ്തീന്‍, ഇറാഖ് എന്നീ ടീമുകളോടാണ് ഇന്ത്യന്‍ ടീമിന് പൊരുതേണ്ടി വന്നത്. മുന്‍ കാലങ്ങളില്‍ കളിച്ച് പരിശീലനമുള്ളവരോടാണ് ആ മേഖലയില്‍ വലിയ നേട്ടങ്ങളൊന്നുമില്ലാത്ത തന്നെ പോലുള്ളവര്‍ കളിച്ചതെന്നും എന്നാല്‍, തോല്‍വി നോക്കാതെ കളിക്കുകയെന്നതിനാണ് താന്‍ പ്രാമുഖ്യം നല്‍കിതെന്നും അദ്ദേഹം വ്യക്തമാക്കി.
പടിക്കല്‍ പാണക്കാടന്‍ അബൂബക്കറിന്റെയും കുഞ്ഞാത്തുവിന്റെയും മകനാണ് ഷഫീഖ്. ഭാര്യ: പരപ്പനങ്ങാടി പാലത്തിങ്ങല്‍  റഹ്മത്തുല്‍ അര്‍ശ. മകള്‍: ആയിഷ ഹിന്ദ്.