ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം ഇന്നു മുതല്‍

ജലീല്‍ പട്ടാമ്പി
ദുബായ്: ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ  41-ാമത് എഡിഷന് ഇന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമാകും. 95 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും ബുദ്ധിജീവികളും പ്രസാധകരും കലാകാരന്മാരും 12 ദിവസം നീളുന്ന സാംസ്‌കാരിക മഹോത്സവത്തില്‍ പങ്കാളികളാകും. ഈ വര്‍ഷത്തെ അതിഥി രാഷ്ട്രം ഇറ്റലിയാണ്.
ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ 2,213 പ്രസാധകരാണ് സാന്നിധ്യമറിയിക്കുന്നത്. അറബ് മേഖലയില്‍ നിന്നും 1,298 പ്രസാധകരാണെത്തുക. കേരളത്തില്‍ നിന്നും ഇക്കുറിയും പ്രധാനപ്പെട്ട എല്ലാ പ്രസാധനാലയങ്ങളും പങ്കെടുക്കുന്നുണ്ട്. ബുക്കര്‍ സമ്മാന ജേതാക്കളെയും അന്താരാഷ്ട്ര തിരക്കഥാകൃത്തുക്കളെയും കലാകാരന്മാരെയും ഇവിടെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും.
41-ാം പതിപ്പില്‍ 123 വിസ്മയ പ്രകടനങ്ങളും എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 22 ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്ന സംഗീത പരിപാടികളും അരങ്ങേറും. പ്രശസ്ത അറബ്, അന്തര്‍ദേശീയ പാചക വിദഗ്ധരുടെ നേതൃത്വത്തിലുള്ള 30ലധികം കുക്കറി ഷോകളും ഇതിലുള്‍പ്പെടുന്നു.

മഹ്മൂദ് ദാര്‍വിഷ്

‘വാക്ക് പരക്കട്ടെ’ (സ്‌പ്രെഡ് ദി വേഡ്) എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ ആശയം. 41-ാം പതിപ്പില്‍ 1.5 ദശലക്ഷം ടൈറ്റിലുകള്‍ പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ മേളയുടെ സാംസ്‌കാരിക പരിപാടിയില്‍ 150 വിശിഷ്ട എഴുത്തുകാരും ബുദ്ധിജീവികളും സര്‍ഗ പ്രതിഭകളും അതിഥികളാകും. അവര്‍ 1,500 ആക്റ്റിവിറ്റികള്‍ക്കും സെഷനുകള്‍ക്കും നേതൃത്വം നല്‍കും.
കുട്ടികള്‍ക്കായി 14 രാജ്യങ്ങളില്‍ നിന്നുള്ള 45 പ്രൊഫഷണലുകളുടെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ 623 ആക്റ്റിവിറ്റികളും ഷോകളും വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കും.
കോമിക്‌സ് പ്രേമികള്‍ക്ക് നാല് റോമിംഗ് ഷോകള്‍ കൂടാതെ 16 വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 188 ആക്റ്റിവിറ്റികളിലും ശില്‍പശാലകളിലും പങ്കെടുക്കാന്‍ അവസരമുണ്ട്.


അറബ് പ്രസാധകരില്‍ യുഎഇ ഒന്നാം സ്ഥാനത്തും ഈജിപ്തും ലബനാനും തൊട്ടുപിന്നിലുമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ, യുകെ, ഇറ്റലി എന്നിവ 18,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പങ്കെടുക്കുക. ക്യൂബ, കോസ്റ്ററീക്ക, ലൈബീരിയ, ഫിലിപ്പീന്‍സ്, അയര്‍ലന്‍ഡ്, മാള്‍ട്ട, മാലി, ജമൈക്ക, ഐസ്‌ലന്‍ഡ്, ഹംഗറി എന്നിവയ്‌ക്കൊപ്പം അവരുടെ ശീര്‍ഷകങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ പുസ്തക മേളയില്‍ ഈ രാജ്യങ്ങള്‍ ഇതാദ്യമായാണ് പങ്കെടുക്കുന്നത്.
എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ ചെയര്‍മാനും കവിയുമായ സുല്‍ത്താന്‍ അല്‍ അമീമി, കവി ഖുലൂദ് അല്‍ മുഅല്ല, കവിയും എഴുത്തുകാരനുമായ ഇബ്രാഹിം അല്‍ ഹാഷിമി, 2022ലെ ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന്‍ ജേതാവായ ലിബിയന്‍ നോവലിസ്റ്റ് മുഹമ്മദ് അല്‍നാസ് ഉള്‍പ്പെടെ അറബ് മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ മേളക്കെത്തും.


ന്യൂയോര്‍ക് ടൈംസിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കൃതിയുടെ കര്‍ത്താവായ ദീപക് ചോപ്ര, കനേഡിയന്‍ കവയിത്രിയും ചിത്രകാരിയുമായ രൂപി കൗര്‍, ബ്രിട്ടീഷ് ഉപന്യാസകാരനും നോവലിസ്റ്റുമായ പിക്കോ അയ്യര്‍, ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, സസ്‌പെന്‍സ് നോവലിസ്റ്റ് ഡി.ജെ പാമര്‍, ഓസ്‌ട്രേലിയന്‍ ഫാഷന്‍ ചിത്രകാരി മേഗന്‍ ഹെസ് തുടങ്ങിയവര്‍ ഇത്തവണത്തെ പുസ്തക മേളയിലുണ്ടാകും.
12 ദിവസത്തെ മേളയിലുടനീളം ഏറ്റവും പ്രഗത്ഭനായ ഫലസ്തീന്‍ കവി മഹ്മൂദ് ദാര്‍വിഷിന്റെ സര്‍ഗാത്മക പൈതൃകത്തെ ആഘോഷിക്കും. മഹ്മൂദ് ദാര്‍വിഷ് ഫൗണ്ടേഷനാണ് ഫലസ്തീന്‍ പവലിയന്‍ നിയന്ത്രിക്കുന്നത്.