യുഎന്നിന് ഐക്യദാര്‍ഢ്യം: ഡിസം.5ന് വളണ്ടിയറിംഗുമായി എച്ച്എല്‍ബി ഹാംത്

എച്ച്എല്‍ബി ഹാംത് സ്ഥാപക ചെയര്‍മാന്‍ ഹിഷാം അലി മുഹമ്മദ് അല്‍ താഹിര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദുബായ്: ഓഡിറ്റ് ആന്റ് ടാക്‌സ് അഡൈ്വസറി സ്ഥാപനമായ എച്ച്എല്‍ബി ഹാംത് ഡിസംബര്‍ 5ന് ഐക്യ രാഷ്ട്ര സഭയുടെ രാജ്യാന്തര സദ്ധ സേവന ദിനത്തില്‍ ‘എച്ച്എല്‍ബി ഹാംത് ഹീറോസ്’ എന്ന സന്നദ്ധ സംരംഭത്തിന് തുടക്കം കുറിക്കുന്നു. കൂട്ടായ നീക്കങ്ങളിലൂടെ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്ത് ലോകമാകമാനം നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഈ പരിപാടി ഒരുക്കുന്നത്. പരിസ്ഥിതിയിലും കാലാവസ്ഥയിലുമുള്ള പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സിഎസ്ആര്‍ പ്രോഗ്രാമുകളിലൂടെ എച്ച്എല്‍ബി ഹാംത് സ്ഥാപനങ്ങളെ പിന്തുണക്കും.
ജനജീവിതം മെച്ചപ്പെടുത്താനുള്ള ഇത്തരം പരിപാടികള്‍ എച്ച്എല്‍ബി ഹാംത് ഹീറോസിന് യുഎഇയിലുടനീളം ആരംഭിക്കാനാകുന്നതില്‍ അഭിമാനമുണ്ടെന്ന് സ്ഥാപക ചെയര്‍മാന്‍ ഹിഷാം അലി മുഹമ്മദ് അല്‍ താഹിര്‍ പറഞ്ഞു. സിഎസ്ആറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമൂഹത്തിലേക്കും പരിസ്ഥിതിയിലേക്കും കൂടുതല്‍ ഇറങ്ങിച്ചെല്ലാനും ഇത് പല ഇടത്തരം കമ്പനികള്‍ക്കും പ്രചോദനമാകും. ഈ പ്രോഗ്രാമില്‍ ചേരാന്‍ ജീവനക്കാരില്‍ നിന്നും വര്‍ധിച്ച പ്രതികരണമാണുള്ളത്. 100 പേര്‍ ഇതിനകം വളണ്ടിയറിംഗില്‍ പ്രവേശിച്ചു കഴിഞ്ഞു.


സ്ഥാപനങ്ങളുടെ കൂട്ടായ സന്നദ്ധ പ്രവര്‍ത്തനം അടിസ്ഥാനപരമായി എല്ലാവര്‍ക്കും പ്രയോജനകരമാകും. പൗരന്മാരുടെ ഇടപെടലിന്റെ മാതൃകയാണ് അതെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ പ്രോഗ്രാം തുടങ്ങിയതെന്നും സിഇഒയും പാര്‍ട്ണറുമായ വിജയ് ആനന്ദ് പറഞ്ഞു. എല്ലാവരെയും ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള അനുകമ്പയാണ് വളണ്ടിയറിംഗ്. വിശ്വാസം, വിനയം, ബഹുമാനം, സമത്വം എന്നിവ കൊണ്ട് സമൂഹത്തെയും ജനങ്ങളെയും പിന്തുണക്കുന്നതിലൂടെ അടിസ്ഥാന മൂല്യങ്ങള്‍ പങ്കിടാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എച്ച്എല്‍ബി ഹാംത് ഹീറോസ്’ സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവന ചെയ്യുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും; പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ആഘാതം കുറയ്ക്കല്‍ എന്നിവക്കുള്ള യുഎഇ ഗവമെന്റിന്റെ കാഴ്ചപ്പാടില്‍പ്പെട്ട ഒന്നാണിതെന്നും എച്ച്എല്‍ബി ഹംാത് മാനേജിംഗ് പാര്‍ട്ണര്‍ ജോണ്‍ വര്‍ഗീസ് പറഞ്ഞു. കമ്പനി സിഎസ്ആര്‍ വിഭാഗം വൈസ് പ്രസിഡന്റ് വിനോദ് നമ്പ്യാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.