കെ.സുധാകരന്‍ വിവാദം അടഞ്ഞ അധ്യായം: എം.എം ഹസ്സന്‍

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

‘ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തിന് പഴുതുണ്ടാക്കിയത് എല്‍ഡിഎഫ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്’

ദുബൈ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. സുധാകരന്റേത് നാക്കു പിഴയാന്നെും അതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ അതവസാനിച്ചുവെന്നും ഹസ്സന്‍ വ്യക്തമാക്കി. സന്ദര്‍ശനാര്‍ത്ഥം എത്തിയ എം.എം ഹസ്സന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്.
ഗവര്‍ണറുമായി ബന്ധപ്പെട്ടുള്ള വിവാദ വിഷയത്തില്‍ സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്ഭവന്‍ കാവിവത്കരിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നു. അത് ഭരണഘടനാപരമായ അവകാശമല്ലേയെന്ന് ഹസ്സന്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തിന് പഴുതുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വജനപക്ഷപാത നിലപാടുകളാണ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങു മെന്നും ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി ആശ ങ്കയിലാണ്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൂടുതല്‍ ദോഷം ചെയ്തിട്ടുണ്ട്.
മേയറുടെ കത്ത് വിവാദത്തെ കുറിച്ച് പ്രതികരിക്കവേ, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ സിപിഎം ജില്ലാ കമ്മിറ്റികളായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. സര്‍വ മേഖലകളിലും സിപിഎം സഖാക്കളുടെ ഇടപെടലാണുള്ളത്. തിരുവനന്തപുരം ആര്‍സിസി ആശുപത്രി ജോലിയിലും പിന്‍വാതില്‍ നിയമനം നടക്കുന്നു. മന്ത്രിമാരുടെ വിദേശ പര്യടനം ധൂര്‍ത്താണ്. കേരളം കടക്കെണിയിലാണ്. എന്നാല്‍, ധൂര്‍ത്തിനൊരു കുറവുമില്ല. മുഖ്യമന്ത്രിയുടെ വീടിന് ചുറ്റുമതില്‍ കെട്ടാനും മന്ത്രിമാരുടെ ആഡംബര വാഹനങ്ങള്‍ക്കും കോടികളാണ് പൊടിക്കുന്നത്.
പ്രവാസി വകുപ്പ് പൂര്‍ണ പരാജയമാണ്. പ്രവാസി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നോക്കുകുത്തിയാണ്. കേന്ദ്ര സര്‍ക്കാറാണെങ്കില്‍, പ്രവാസി വകുപ്പ് തന്നെ ഒഴിവാക്കിയിരിക്കുകയാണ്. അത് ഉടന്‍ പുന:സ്ഥാപിക്കണം. പ്രവാസികളുടെ യാത്രാ ചെലവിലെ കൊള്ള അവസാനിപ്പിക്കണം.
കോവിഡ് 19 രൂക്ഷമായ കാലയളവില്‍ ഇന്ത്യയിലേക്ക് പോകാന്‍ ഏര്‍പ്പെടുത്തിയിരുന്ന എയര്‍ സുവിധ ഇപ്പോഴും തുടരുകയാണ്. ഇതും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.