ഷഫീഖിന്റെ ദൗത്യം രാജ്യത്തിനുള്ള യുഎഇ കെഎംസിസിയുടെ ദേശീയദിന സമ്മാനം: പി.കെ അന്‍വര്‍ നഹ

ഷഫീഖ് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹയോടൊപ്പം

ദുബൈ: വെല്ലുവിളിയായല്ല, ഇതൊരു അവസരമായി കണ്ടാണ് ഷഫീഖ് ജബല്‍ ജൈസില്‍ കയറാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു വരുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ചിനോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് ഈ സംരംഭം. ഈ മാസം 27ന് ഷഫീഖിനൊപ്പം ആസ്റ്റര്‍ മെഡിക്കല്‍ ടീമും സഞ്ചരിക്കും. താനും ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, നിസാര്‍ തളങ്കര, റിയാസ് ചേലേരി ഉള്‍പ്പെടെയുള്ള നേതാക്കളും അനുഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 6 മുതല്‍ 8 വരെ മണിക്കൂറെടുത്ത് 22 കിലോമീറ്റര്‍ നടന്ന് മല കയറും. കേരളത്തിന്റെ ഈ പുത്രന്റെ മഹത്തായ ദൗത്യം യുഎഇയുടെ ദേശീയ ദിനത്തില്‍ ഈ രാജ്യത്തിന് നല്‍കാനാകുന്ന യുഎഇ കെഎംസിസിയുടെ അമൂല്യമായൊരു സമ്മാനമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.