യുഎഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണിയാകും

ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ് എംഡിയും സിഇഒയുമായ പി.കെ സജിത് കുമാര്‍ ഗോള്‍ഡ് കണ്‍വെന്‍ഷനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

ഐബിഎംസി ഗോള്‍ഡ് കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

ദുബൈ: യുഎഇ താമസിയാതെ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണിയാകുമെന്ന് ഐബിഎംസി ആഭിമുഖ്യത്തില്‍ ബുര്‍ജ് ഖലീഫ അര്‍മാനിയില്‍ നടന്ന ഗോള്‍ഡ് കണ്‍വെന്‍ഷന്‍ വിലയിരുത്തി. രാജ്യത്തെ സ്വര്‍ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സമ്മേളനം. എണ്ണയിതര വാണിജ്യ കുതിപ്പിന്റെ ഭാഗമായി സമയബന്ധിതമായ പരിഷ്‌കാരങ്ങള്‍ വഴി സ്വര്‍ണ വ്യവസായത്തിന് എല്ലാ പിന്തുണയും യുഎഇ നല്‍കുന്നു. യുഎഇ വലിയ സംയോജിത സ്വര്‍ണ വിപണിയായി മാറാനുള്ള പാതയിലാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്കുള്ള വൈവിധ്യവത്കരണ പരിപാടിയിലൊന്നാണിത് -ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐസിസി) ചെയര്‍മാനും യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്‍ (യുഎഇ സിസിഐഎഫ്) സെക്രട്ടറി ജനറലുമായ ഹുമൈദ് ബിന്‍ സാലം മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
മേഖലയിലെ വലിയ ഹൈബ്രിഡ് ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷനായിരുന്നു ഇതെന്ന് ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ് എംഡിയും സിഇഒയുമായ പി.കെ സജിത് കുമാര്‍ ചൂണ്ടിക്കാട്ടി. അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 100 രാജ്യങ്ങളെ സമ്മേളനം  പ്രതിനിധീകരിച്ചു. യുഎഇ സിസിഐഎഫും ഐസിസിയും ഐബിഎംസിയുമായി കൈകോര്‍ത്തു. ലോകമെമ്പാടുമുള്ള മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, റഗുലേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, സ്വര്‍ണ ഖനിയുടമകള്‍, റിഫൈനറി പ്രതിനിധികള്‍, ജ്വല്ലറി വ്യാപാരികള്‍, ഇറക്കുമതി-കയറ്റുമതി കമ്പനി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു. ഘാന, സഊദി അറേബ്യ, യുകെ, പാപുവ ന്യൂ ഗിനിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഐബിഎംസി ധാരണാപത്രം ഒപ്പു വച്ചു. നാലാമത് ഗ്‌ളോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷനാണ് നടന്നത്. സ്വര്‍ണ വ്യവസായ പങ്കാളികളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചുവെന്നും സജിത് കുമാര്‍ പറഞ്ഞു.
50 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ഡിപ്‌ളോമാറ്റിക് എന്‍ക്‌ളേവിന്റെ പ്രത്യേക സെഷനില്‍ പങ്കെടുത്തു. അതത് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളും പ്രോത്സാഹനങ്ങളും അവര്‍ എടുത്തു കാണിച്ചു.
കണ്‍വെന്‍ഷനില്‍ സമര്‍പ്പിത വ്യവസായ മാര്‍ഗ നിര്‍ദേശക  സെഷനുകള്‍ ഉണ്ടായിരുന്നു. ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍, ട്രെന്‍ഡുകള്‍, വെല്ലുവിളികള്‍, റഗുലേറ്ററി സംവിധാനങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, ബിസിനസ് തന്ത്രങ്ങള്‍ ചാര്‍ട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ചുള്ള അര്‍ത്ഥവത്തായ ഉള്‍ക്കാഴ്ചകള്‍ പ്രോഗ്രാം മുന്നോട്ടു വെച്ചു.
”യുഎഇയെ സംയോജിത ആഗോള സ്വര്‍ണ വിപണിയാക്കുക യെന്ന ലക്ഷ്യത്തോടെ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സ്വര്‍ണ വ്യവസായ ഓഹരി ഉടമകളെ ഒറ്റ വേദിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സംയോജിത വിപണിയെ ഊര്‍ജസ്വലമാക്കാന്‍ നിക്ഷേപങ്ങളും വ്യാപാരവും അനുബന്ധ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാന്‍ അവര്‍ പിന്തുണയും പ്രതിജ്ഞാബദ്ധതയും വെളിപ്പെടുത്തി.
സ്വര്‍ണ ബിസിനസിനും നിക്ഷേപത്തിനുമുള്ള പുതിയ തന്ത്രങ്ങളും പരിഹാരങ്ങളും അനാവരണം ചെയ്ത. ബാങ്കിംഗ് & ഗോള്‍ഡ് മാര്‍ക്കറ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍, ഗോള്‍ഡ് മൈനിംഗ് കമ്പനികള്‍ക്കുള്ള സുരക്ഷിത ബിസിനസ് ഘടന, ഗോള്‍ഡ് അലൂവിയ മൈനിംഗ്, ഹാര്‍ഡ് റോക്ക് മൈനിംഗ് എന്നിവയിലേക്ക് വെളിച്ചം പകര്‍ന്ന് വലിയ നിക്ഷേപങ്ങള്‍ക്കായി നിരവധി ധാരണാപത്രങ്ങള്‍ ഒപ്പു വെക്കുകയും ചെയ്തു.
5 ഭൂഖണ്ഡങ്ങളെയും 100ലധികം രാജ്യങ്ങളെയും സംയോജിപ്പിക്കാനുള്ള ഇറക്കുമതി, കയറ്റുമതി, വ്യാപാര പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനായി മൂന്ന് അനുബന്ധ കമ്പനികള്‍ സ്ഥാപിക്കുമെന്നും സജിത് കുമാര്‍ പ്രഖ്യാപിച്ചു.
കോര്‍പറേറ്റ് & എകണോമിക് കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി & ട്രേഡ് ഫ്‌ളോ സിസ്റ്റം എന്നീ മേഖലകളില്‍ യുഎഇയിലെ അംഗീകൃത ഗ്രൂപ്പാണ് ഐബിഎംസി  ഇന്റര്‍നാഷണല്‍, യുഎഇയില്‍ നിന്നുള്ള പ്രധാന അംഗീകാരങ്ങള്‍, പ്രൊഫഷണല്‍ മേഖലയില്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ്, ദുബൈ ചേംബറില്‍ നിന്നുള്ള കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി്എസ്ആര്‍) ലേബല്‍ അവാര്‍ഡ് എന്നിവ ഐബിഎംസിക്ക് ലഭിച്ചിട്ടുണ്ട്.