ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യത്തില്‍ പരിഷ്കരിച്ച ലോഞ്ച് വിന്‍ഡോ സജ്ജമായി. ഇതിന്റെ പ്രഖ്യാപനമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലാന്‍ഡര്‍ അമേരിക്കയിലെത്തി. 2022 നവംബര്‍ 22ന് മുന്‍പ് ലൂണാര്‍ ലാന്‍ഡര്‍ ലോഞ്ച് ചെയ്യുമെന്ന് റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കുന്ന ജപ്പാന് ആസ്ഥാനമായ ഐസ്പേസ് ഐഎന്‍സി മിഷന്1 (എം1) പറഞ്ഞു. നവംബര്‍ 9നും 15നുമിടക്കുള്ള സമയമായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.
ലാന്‍ഡറിനായുള്ള ഇന്ധന ലോഡിംഗ് ഷെഡ്യൂളും വിക്ഷേപണ തീയതി ലഭ്യതയും കണക്കിലെടുക്കുമ്പോള്‍ ദൗത്യത്തിനായി മികച്ച തയാറെടുപ്പാണുള്ളത്. സ്പേസ് എക്സുമായി ഏകോപിപ്പിച്ച് കൃത്യമായ വിക്ഷേപണ തീയതി പിന്നീട് തീരുമാനിക്കുന്നതാണ്. അമേരിക്കയിലെ ഫ്ളോറിഡയിലെ കേപ് കാനറവലില് കാര്‍ഗോ വിമാനത്തിലാണ് എം1 ലൂണാന്‍ ലാന്‍ഡര്‍ എത്തിച്ചതെന്ന് ഐസ്പേസ് സ്ഥാപകനും സിഇഒയുമായ തകേഷി ഹകമാദ പറഞ്ഞു. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് രണ്ട് റോവറുകള്‍ ഉള്‍പ്പെടെ ഒന്നിലധികം വാണിജ്യ, സര്‍ക്കാര്‍ പേലോഡുകള്‍ വഹിച്ചുകൊണ്ട് ഇത് സ്പേസ് എക്സ് ഫാല്‍കണ്‍ 9 റോക്കറ്റില്‍ വിസ്ഫോടനം നടത്തും.
ആദ്യ ദൗത്യത്തില്‍, ലൂണാര്‍ റിഗോലിത്തിന്റെ കൊമേഴ്സ്യല്‍ ട്രാന്സാക്ഷന് പൂര്‍ത്തിയാക്കാനും ജപ്പാന് എയ്റോസ്പേസ് എക്സ്പ്ളറേഷന്‍ ഏജന്‍സി (ജാക്സ), മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എംബിആര്‍എസ്സി) എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള പേലോഡുകള്‍ വഹിക്കാനും തങ്ങളുടെ വാണിജ്യ ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കുമൊപ്പം നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനെ വലിയ ബഹുമതിയായി തങ്ങള്‍ കണക്കാക്കുന്നുവെന്നും ഹകമാദ വ്യക്തമാക്കി.
ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള തങ്ങളുടെ ടീമിന്റെ പ്രവര്‍ത്തനത്തില്‍ വളരെയധികം അഭിമാനിക്കുന്നു. ഈ വിക്ഷേപണവും സമീപ ഭാവിയിലെ ദൗത്യങ്ങളും താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയുടെ മുന്‍ ഭരണാധികാരി ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍മക്തൂമിന്റെ പേര് (റാഷിദ് റോവര്‍) ആണ് എംബിആര്‍എസ്സി ഒക്ടോബര്‍ ആദ്യത്തില്‍ ഈ ദൗത്യത്തിനായി പ്രഖ്യാപിച്ചിരുന്നു. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനിലെത്തിയ നാലാമത്തെ രാജ്യമായി യുഎഇ മാറും. ചന്ദ്രനിലെ ‘മെയര്‍ ഫ്രിഗോറിസ്’ എന്ന സ്ഥലത്താണ് റോവര്‍ ലാന്‍ഡ് ചെയ്യുക. ‘ശൈത്യത്തിന്റെ കടല്‍’ എന്നറിയപ്പെടുന്ന ഈ സ്ഥലം ചന്ദ്രോപരിതലത്തിലെ ഉത്തര ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതെന്ന് നാസ വ്യക്തമാക്കുന്നു. ചന്ദ്രോപരിതത്തിലെ ഇരുണ്ടതും പരന്നതുമായ സമതലമാണിത്. ചന്ദ്രനിലെ പ്ളാസ്മയെ കുറിച്ചും പൊടി, ചലനാത്മകത്വം തുടങ്ങിയവ സംബന്ധിച്ചും പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രഥമ ലക്ഷ്യം. അവിടെ നിന്നുളള ദൃശ്യങ്ങളും വിവരങ്ങളും അടിസ്ഥാനപ്പെടുത്തി മനുഷ്യവാസം സാധ്യമാക്കാനാകുമോയെന്നും, സൗര സംവിധാനത്തെ കുറിച്ച് സവിസ്തരം മനസ്സിലാക്കാനും ദൗത്യം മുഖേന ലക്ഷ്യമിടുന്നു.