അബുദാബി: അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബുദാബി എക്സിബിഷന് സെന്ററില്‍ തുടക്കമായി. യുഎഇ സഹിഷ്ണതാ കാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അല്‍ മിഹൈരി, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി എന്നിവരും സംബന്ധിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പവിലിയനുകളും മേളയിലുണ്ട്. മേളയോടൊപ്പം എട്ടാമത് അബുദാബി ഡേറ്റ്സ് ഫെസ്റ്റിവലും നടത്തുന്നുണ്ട്.

പ്രാദേശിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ ലുലു ഗ്രൂപ്
അബുദാബിയില്‍ നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങള് കൂടുതലായി സംഭരിക്കാന്‍ പ്രമുഖ യുഎഇ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ് ധാരണാ പാത്രത്തില്‍ ഒപ്പുവെച്ചു. ധാരണ പ്രകാരം പ്രാദേശിക കാര്ഷികോതപന്നങ്ങള് കൂടുതലായി സംഭരിച്ച് ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതി സഹൃദ പാക്കിംഗ് വ്യാപകമാക്കുകയും ചെയ്യും.
മന്ത്രി മറിയം അല്‍ മിഹൈരി, എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ സിലാല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സല്‍മീന്‍ ഉബൈദ് അല്‍ അമീരി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലിം എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്.
ലുലു ബ്രാന്‍ഡ് ഉല്പന്നങ്ങള് പുറത്തിറക്കി
ലുലു ബ്രാന്‍ഡിലുള്ള വിവിധ ഭക്ഷ്യ ഉല്പന്നങ്ങള് ഇതോടനുബന്ധിച്ച് പുറത്തിറക്കി. ലുലു ബ്രാന്‍ഡിലുള്ള പുതിയ ഉല്പന്നമായ ലുലു നെയ്യ് ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് മന്ത്രി അല്‍മിഹൈരി, എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ വിപണിയിലിറക്കി.
