ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് കാമ്പയിന്‍: 7 രാജ്യങ്ങളില്‍ നിരക്കിളവില്‍ 1000 ശസ്ത്രക്രിയകള്‍

കാമ്പയിന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ 36-ാം സ്ഥാപക ദിന ഭാഗമായി.
ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ കുറഞ്ഞ നിരക്കില്‍. 250 എണ്ണം സൗജന്യം. ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്‌സിഡിയോടെ.
സ്ഥാപനത്തിലെ 28,400 ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധനാ പാക്കേജുകള്‍ സൗജന്യം

ദുബൈ: 36-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയയേഴ്‌സിന് കീഴില്‍ ഒരു വര്‍ഷം നീളുന്ന ‘കൈന്‍ഡ്‌നസ് ഈസ് എ ഹാബിറ്റ്’ എന്ന കാമ്പയിന്‍ പ്രഖ്യാപിച്ചു. ദയയും അനുകമ്പയും ദൈനംദിന ശീലമായി സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സമൂഹത്തെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികള്‍ വഴി വിവിധ പരിസ്ഥിതി സൗഹൃദ ഉദ്യമങ്ങള്‍ക്കൊപ്പം നിര്‍ധനരായ രോഗികള്‍ക്ക് 1,000 ശസ്ത്രക്രിയകളും ആസ്റ്റര്‍ പ്രഖ്യാപിച്ചു. ഇതില്‍ 25% (250) ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്‌സിഡിയോടെയും വാഗ്ദാനം ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷ ലക്ഷ്യാര്‍ത്ഥം യുഎഇയിലെ മരുഭൂമിയില്‍ 500 ഗാഫ്, ദേവദാരു മരങ്ങള്‍ നട്ടു പിടിപ്പിച്ചു. കൂടാതെ, വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വിവിധ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ആസ്റ്റര്‍ സ്ഥാപനങ്ങളെ സുസ്ഥിര ഊര്‍ജ ലഭ്യത ഉറപ്പാക്കി കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദുബൈയിലെ മെഡ്‌കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കിംഗ് ഉള്‍ക്കൊള്ളുന്ന ഭാഗത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഈ പാനലുകളിലൂടെ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗപ്പെടുത്തും.
1987ല്‍ ദുബൈയില്‍ ഒരു ആരോഗ്യ പരിചരണ സേവന ദാതാവായി പ്രയാണം ആരംഭിച്ചത് മുതല്‍ സമൂഹത്തിന് തിരികെ നല്‍കുകയെന്ന ദൗത്യവുമായി ആസ്റ്റര്‍ മുന്നോട്ട് പോവുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ ഒരു മുന്‍നിര കോര്‍പറേറ്റ് സ്ഥാപനമായി വികസിച്ചപ്പോള്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിലൂടെ സമൂഹത്തിന് സേവനമേകുന്ന ദൗത്യങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു. ലോകത്തെ എല്ലാവര്‍ക്കും മികച്ചത് സമ്മാനിക്കുക എന്ന തിരിച്ചറിവിലൂടെ ഞങ്ങളുടെ സേവന ദൗത്യങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഈ ചിന്തയോടെയാണ് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ‘കൈന്‍ഡ്‌നസ് ഈസ് എ ഹാബിറ്റ്’ എന്ന കാമ്പയിന്‍ ആരംഭിച്ചതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ഒരു വര്‍ഷം നീളുന്ന കാമ്പയിനിലൂടെ 1,000ത്തിലധികം നിര്‍ധന രോഗികള്‍ക്ക് സൗജന്യവും സബ്‌സിഡി നിരക്കിലുമുള്ള ചികിത്സ പ്രദാനം ചെയ്യും. പ്രകൃതി മാതാവിനോട് ദയ കാണിക്കുന്നതിനായി, കാമ്പെയ്‌നിനിടെ ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ഡോ. ആസാദ് വിശദീകരിച്ചു. 28,000ത്തിലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിനുള്ള നന്ദി പ്രകടിപ്പിച്ച് ഓരോരുത്തര്‍ക്കും സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും ലഭ്യമാക്കും. കാമ്പയിന്‍ കാലയളവില്‍, #KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യ പ്രവൃത്തികള്‍ പങ്കു വയ്ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുളള നടപടികളും സ്വീകരിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു. @astervolunteers, @asterdmhealthcare  എന്നിവയിലേക്കും പോസ്റ്റുകള്‍ ടാഗ് ചെയ്യാവുന്നതാണ്.