
ദുബൈ: സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതക്കെതിരെ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസായി. സിനിമക്ക് ഇതിനകം വന്‍ പ്രതികരണമാണുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലും പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിലും ഇന്നും ജാതീയത നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇത് പുറമെ നോക്കിയാല്‍ കാണില്ല. പലരുടെയും മനസ്സിലുള്ള ജാതീയത ഒരവസരം വന്നാല്‍ തല പൊക്കും. ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് ജാതിയിലേക്കെത്തിയാല്‍ ഒന്ന് ഒതുക്കി, വളച്ചു കെട്ടിപ്പറയുന്ന രീതി ചിലര്‍ സ്വീകരിച്ചു കണ്ടിട്ടുണ്ടെന്നും എന്നാല്‍, അത് ഏത് വിധത്തിലാണ് ബഹുജന സമൂഹത്തില്‍ പ്രതിഫലിക്കുന്നതെന്നത് നമുക്ക് മുന്നിലുള്ള അനുഭവ യാഥാര്‍ത്ഥ്യമാണെന്നും സോഹന്‍ അഭിപ്രായപ്പെട്ടു.
ഈ ചിത്രത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം ഇത് മുന്നോട്ടു വെക്കുന്ന പ്രമേയം പ്രേക്ഷകര്‍ സ്വീകരിച്ചതിന് തെളിവാണ്. ഉത്തരേന്ത്യയിലേത് പോലെ പ്രകടമായ ജാതി വ്യവസ്ഥ ഇവിടെയില്ലെങ്കിലും മനുഷ്യന്റെ മനസിന്റെയുള്ളില്‍ കട്ട പിടിച്ചു കിടക്കുന്ന ജാതീയത നാള്‍ക്കുനാള്‍ തെളിഞ്ഞു വരുന്നതാണ് കാണുന്നത്. അടുത്തിടെ കുന്നത്തുനാട് എംഎല്‍എ ജാതീയമായ വേര്‍തിരിവ് അദ്ദേഹത്തോട് കാണിച്ചുവെന്ന് പരാതി നല്‍കി. ഇത്തരം കാര്യങ്ങളെല്ലാം സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ പ്രശ്‌നം ഉച്ചത്തില്‍ പറഞ്ഞത്. പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കി സെന്‍സറിന് കൊടുത്തുകൂടേയെന്ന് ചിലര്‍ ചോദിച്ചു. സെന്‍സര്‍ കടന്നുകിട്ടുമോ എന്ന ആശങ്ക തങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹം എന്തു വിചാരിക്കുമെന്ന് നോക്കിയില്ലെന്നും ഈ പുഴുക്കുത്തിനെതിരെ പറയാനുള്ളത് ഉച്ചത്തില്‍ പറഞ്ഞെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു.
ജാതി വെറിയുള്ളവരെ തുറന്നു കാട്ടിയ സിനിമയാണിതെന്ന് ഇതില്‍ മുഖ്യ വേഷം ചെയ്ത ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൊറോണ രൂക്ഷമായപ്പോഴും പ്രളയ കാലത്തും ഈ ജാതി വെറി കണ്ടില്ല. ആ പ്രളയ ജലം ഒന്നു താഴ്ന്നപ്പോഴേക്കും അത് വീണ്ടും തല പൊക്കിയെന്നും പ്രതികരിച്ച ഷൈന്‍, ഈ ചിത്രം പ്രേക്ഷകര്‍ക്ക് ചില ഓര്‍മപ്പെടുത്തലുകളാണെന്നും വ്യക്തമാക്കി.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതീയത കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും അവരുണ്ടാക്കുന്ന ദുരിതം വലുതാണ്. എന്നാല്‍, ലോകം മുഴുവനുമുള്ള മലയാളികളിലുള്ള വിശ്വാസമാണ് മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേരിന്റെയറ്റത്തു നിന്നു ജാതി വാല്‍ എടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളില്‍ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാന്‍ പറ്റാത്തവരാണ് നമുക്കു ചുറ്റുമുള്ളത്. ഒരു സിനിമ കണ്ടതിനു ശേഷം അതിന്മേല്‍ ചര്‍ച്ചകളുണ്ടാകുന്നുവെന്നത് തന്നെ വലിയ നേട്ടമാണ്. അതില്‍ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത്. മിക്കവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. എതിരഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. പടം കണ്ടിട്ടാണ് അത്തരം കമന്റുകള്‍ വരുന്നതും അവര്‍ തുറന്നു സംസാരിക്കുന്നതും. അതു വളരെയധികം സന്തോഷം തരുന്നു. ഇന്നത്തെ തലമുറയ്ക്ക് ജാതി സംബന്ധമായ വിഷയങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഒരു സ്ത്രീയുടെ അഭിപ്രായം. എങ്കില്‍ എല്ലാവരും മിണ്ടാതിരിക്കേണ്ടി വരില്ലേ? മാത്രമല്ല, വിപ്‌ളവങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചുമെല്ലാം ഓര്‍മിപ്പിക്കേണ്ടതുമില്ലല്ലോ. കുറെ കാര്യങ്ങളൊക്കെ നമ്മള്‍ അറിഞ്ഞിട്ട് ഇല്ലാതാക്കേണ്ടതാണ്. ആ സ്ത്രീ അത്രയെങ്കിലും ചിന്തിച്ചല്ലോ എന്നോര്‍ത്ത് നമുക്ക് സന്തോഷിക്കാം. ഒരു സിനിമ കൊണ്ടൊന്നും ജാതീയത ഇല്ലാതാകുന്നില്ലെന്നും ഇതൊരു ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍ ഫയല്‍സ്’ പോലുള്ള പ്രോപഗാണ്ട സിനിമകള്‍ക്കിടയില്‍ വളരെ ഉച്ചത്തില്‍ ജനപക്ഷ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നു ഈ സിനിമയെന്ന് ഇതിലെ ജയചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്റെ വേഷം ചെയ്ത നിരവധി ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ എം.എ നിഷാദ് പറഞ്ഞു.
ജാതി വിഭാഗീയതെ കുറിച്ച് ഇത്ര ശക്തമായി പറയുന്ന ചിത്രം ഇതിനു മുന്‍പ് മലയാളത്തിലുണ്ടായിട്ടില്ല. ഒരു സിസ്റ്റത്തിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരികയാണ് ഞങ്ങള്‍ ചെയ്തത്. അതിന് ധൈര്യം കാണിച്ച സംവിധായകനെയും നിര്‍മാതാവിനെയും അഭിനന്ദിക്കുന്നു. ദീര്‍ഘ നേരം ചര്‍ച്ച ചെയ്ത് വോട്ടിങ്ങിനിട്ട ശേഷമാണ് ചിത്രം സെന്‍സര്‍ പാസ്സായത് -അദ്ദേഹം വ്യക്തമാക്കി.
ജാതി വെറി പിടിച്ച കുറേ പേര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. അത് ഈ ചിത്രത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ സാധിച്ചു. ജാതി രാഷ്ട്രീയത്തിനൊപ്പം നിയമസംവിധാനങ്ങള്‍, അധികാരശ്രേണി എന്നിവയിലെ ശരികേടുകളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഭാരത് സര്‍ക്കസെന്ന് മറ്റൊരു പ്രധാന നടനായ ബിനു പപ്പു പറഞ്ഞു.
ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയാണ് ഭാരത് സര്‍ക്കസെന്നും അതിന് ലഭിക്കുന്ന പോസിറ്റീവ് കമന്റ്‌സ് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രവാസി വ്യവസായി കൂടിയായ നിര്‍മാതാവ് അനൂജ് ഷാജി പറഞ്ഞു.
മാനസിക സംഘര്‍ഷത്തോടെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരനായ ഒരു മധ്യവയസ്‌കന്റെ ജീവിതത്തിലെ പിന്നീടുള്ള ദിവസങ്ങളാണ് ചിത്രത്തില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. ആ പരാതിയില്‍ അന്വേഷണം നടത്തുന്ന പല മനോഭാവങ്ങളുള്ള പൊലീസുകാരും നാട്ടിലെ രാഷ്ട്രീയ പ്രതിനിധികളും സുഹൃത്തുക്കളുമെല്ലാമാണ് മറ്റ് കഥാപാത്രങ്ങളായി കടന്നു വരുന്നത്. പരാതി ഉടനെ കേസായി മാറിയ പോലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ദുരൂഹതകളും പിന്നീടങ്ങോട്ട് മാറിമാറി വരുന്നുണ്ട് ചിത്രത്തിന്റെ കഥയില്‍. ലക്ഷ്മണന്‍ കാണിയെന്ന പരാതിക്കാരനായി ബിനു പപ്പു സിനിമയില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. നിഷാദിന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ഷൈന്‍ ചിത്രത്തിലുള്ളത്. ഷൈന്‍ ഉജ്വല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മേഘ തോമസ്, അനു നായര്‍ എന്നിവരും സിനിമയില്‍ നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.
ഏറെക്കാലം യുഎഇയില്‍ റേഡിയോ കലാകാരനായിരുന്ന മുഹാദ് വെമ്പായമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ‘ടു മെന്‍’ എന്ന ചിത്രത്തിനും മുഹാദ് രചന നടത്തിയിരുന്നു. ബെസ്റ്റ് വേ എന്റെര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സു നില്‍ സുഖദ, സുധീര്‍ കരമന, പ്രജോദ് കലാഭവന്‍, ആരാധ്യ ആന്‍, ജോളി ചിറയത്ത് എന്നിവരും വേഷമിട്ടിരിക്കുന്നു.
സോഹനും ഷൈനിനും നിഷാദിനുമൊപ്പം നടിമാരായ മേഘ, അനു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.