
ദുബൈ: മധ്യ പൗരസ്ത്യ ദേശത്തെ ബൃഹത്തായ ചൈനീസ് ഉല്പന്ന പ്രദര്‍ശനം ‘ചൈന ഹോംലൈഫ്’ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ഉയര്‍ന്ന ഡിസ്ട്രിബ്യൂട്ടര്‍മാരെ ചാര്‍ട്ടര്‍ ചെയ്ത രണ്ടു വിമാനങ്ങളില്‍ ദുബൈയില്‍ എത്തിച്ചുവെന്നതാണ് ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ ഏറ്റവും വലിയ സവിശേഷത. 2,000ത്തിലധികം പവലിയനുകള്‍ ട്രേഡ് സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മെറിയന്റ് ഇന്റര്‍നാഷണല്‍ എക്സിബിഷന് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ബിനു പിള്ള പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വൈസ് ചെയര്മാന് ബുത്തി സഈദ് അല്‍ ഗനി, ദുബൈ ചൈനീസ് കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ ലി സുഹാംങ്, ഗള്‍ഫ് മേഖലാ സിസിഐടി ചീഫ് പ്രതിനിധി ഷൗ ഗുവാംങ്യോ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
566ലധികം നിര്‍മാതാക്കളും 506 കയറ്റുമതി കമ്പനികളും വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക്സ് തുടങ്ങിയ ഇനങ്ങളും അടങ്ങിയ ഏറ്റവും പുതിയ ഉല്പന്ന പ്രദര്‍ശനമാണിത്. ചൈനയിലെ ഗ്വാംങ്ഡോംങ് പ്രവിശ്യ കൂടുതല്‍ പ്രദര്‍ശകരെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സര്‍ക്കാറുകളുടെ ശക്തമായ പിന്തുണ കമ്പനികള്‍ക്കുണ്ട്. മാത്രമല്ല, കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ കയറ്റുമതി രംഗത്ത് ആത്മവിശ്വാസം വര്‍ധിച്ചു വരുന്നതായാണ് പ്രവണതകള്‍ വ്യക്തമാക്കുന്നത്. രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഈ മേഖലയില്‍ നിന്നും അഞ്ഞൂറോളം വിദേശ വ്യാപാര മാനേജര്‍മാരെ ദുബൈയില്‍ എത്തിച്ചിരിക്കുകയാണ്.

”ചൈനീസ് നിര്‍മാതാക്കള്‍ക്ക് മിഡില്‍ ഈസ്റ്റും ഉത്തരാഫ്രിക്കയും പ്രധാന വിപണിയാണ്. സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കാന്‍ യോജിച്ച ശ്രമങ്ങളാണ് നടത്തിയത്” -അദ്ദേഹം വ്യക്തമാക്കി. വാങ്ങുന്നവര്‍ക്ക് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ വ്യക്തിപരമായി കാണാനും അനുഭവിക്കാനും അവസരമൊരുക്കുന്നു ഇവിടെ. ലോക്കല്‍ ഏജന്റുമാര്‍ക്കും ചൈനീസ് എക്സിബിറ്റര്‍മാര്‍ക്കും ബയര്മാര്ക്കുമിടയില് ഫലപ്രദമായ ആശയ വിനിമയവും ബിസിനസ് സംഭാഷണങ്ങളും തങ്ങള്‍ സുഗമമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 19 മുതല്‍ 21 വരെ നീളുന്ന പ്രദര്‍ശനം നിത്യവും രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്. ഷാംങ്ഹായിയിലെ മെറിയന്റ് ഇന്റര്‍നാഷണല്‍ എക്സിബിഷനാണ് സംഘാടകര്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കമ്പനികളെ മുഖാമുഖം കാണാനും ചൈനീസ് വിതരണക്കാരില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്പന്നങ്ങളും ട്രെന്‍ഡുകളും കണ്ടെത്താനുമുള്ള മികച്ച അവസരമാണിതെന്നും ബിനു പിള്ള വിശദീകരിച്ചു.