ഗ്രീന്‍ വോയ്‌സ് മാധ്യമശ്രീ, ഹരിതാക്ഷര പുരസ്‌കാര സമര്‍പ്പണം ഇന്ന്‌

അബുദാബി: ഗ്രീന്‍ വോയ്‌സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ, ഹരിതാക്ഷര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 21ന് രാത്രി എട്ടു മുതല്‍ അബുദാബിയില്‍ നടക്കുന്ന ‘സ്‌നേഹപുരം 2022’ സംഗമത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍ വോയ്‌സ് മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ് കമ്യൂണികേഷന്‍ ഡയറക്ടറുമായ വി.നന്ദകുമാര്‍ അറിയിച്ചു.ടി.ജമാലുദ്ദീന്‍ (കൈരളി ന്യൂസ്), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്), ഐസക് പട്ടാണിപ്പറമ്പില്‍ (ഖലീജ് ടൈംസ്), നിസാര്‍ സെയ്ദ് (ദുബൈ വാര്‍ത്ത), മിനി പദ്മ (ക്‌ളബ് എഫ്എം) എന്നിവരാണ് ‘മാധ്യമശ്രീ’ പുരസ്‌കാര ജേതാക്കള്‍. സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു.

ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. സാമൂഹിക ക്ഷേമ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്‌സ് 10 വര്‍ഷമായി നല്‍കി വരുന്നതാണ് ഗ്രീന്‍ വോയ്‌സ് മാധ്യമശ്രീ, ഹരിതാക്ഷര പുരസ്‌കാങ്ങള്‍. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ, സന്നദ്ധ സേവനങ്ങള്‍ക്ക് മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്ക് ഭവന നിര്‍മാണവും വിദ്യഭ്യാസ സഹായങ്ങള്‍ ലഭ്യമാക്കിയും ഗ്രീന്‍ വോയ്‌സ് അബുദാബി  പ്രവര്‍ത്തിച്ചു വരുന്നു.
മലപ്പുറം ജില്ലയിലെ എടപ്പാള്‍ വട്ടംകുളം സ്വദേശിയായ ടി. ജമാലുദ്ദീന്‍ 2001 മുതല്‍ ദൃശ്യ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണ്. 2001 മുതല്‍ 2011 വരെ കൈരളി ടിവിയുടെ മലപ്പുറം ബ്യൂറോയിലും തൃശ്ശൂര്‍ ബ്യൂറോയിലും റിപ്പോര്‍ട്ടറായിരുന്നു.
2011 മുതല്‍ കൈരളി ടിവി ഗള്‍ഫ് മേഖലയില്‍. കേരള സാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്, കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ഏഷ്യാവിഷന്‍ അവാര്‍ഡ്, ചിരന്തന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ടി.ജമാലുദ്ദീന് ലഭിച്ചിട്ടുണ്ട്.