ദുബൈ: കേരള ടൂറിസത്തിന്റെ ആദ്യ ബിഒടിയായ കൊല്ലം ചടയമംഗലം ജടായുപ്പാറ ടൂറിസം പദ്ധതിയിലെ പ്രവാസി നിക്ഷേപകരെ പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍ കോടികളുടെ സാമ്പത്തിക തിരിമറി നടത്തി പറ്റിച്ചുവെന്ന് പരാതി.
നിക്ഷേപകരുടെ ഇപ്പോള്‍ പദ്ധതിയിലുള്ള ആസ്തി മൂല്യമായ 239 കോടി രൂപയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഏകപക്ഷീയമായും നിയമ വിരുദ്ധമായും ജടായു പദ്ധതിയില്‍ നിന്നും അവരെ പുറത്താക്കുകയാണുണ്ടായതെന്നും, പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്ത് വരുമാനമത്രയും രാജീവ് അഞ്ചലും കുടുംബവും മാത്രമായി അനുഭവിച്ചു വരികയാണെന്നും നിക്ഷേപകര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍, പദ്ധതി കരാറുകാരന്റെ തട്ടിപ്പുകള്‍ക്കെതിരെ കോടതികളെ സമീപിച്ച നിക്ഷേപകരോട് അനുഭാവപൂര്‍വമുള്ള പ്രതികരണമാണുണ്ടായതെന്ന് നിക്ഷേപര്‍ പറഞ്ഞു. രാജീവ് അഞ്ചല്‍ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന് വിശദമായി നടത്തിയ അന്വേഷങ്ങള്‍ക്ക് ശേഷം നല്കിയ റിപ്പോര്‍ട്ടില്‍ രാജീവ് അഞ്ചല്‍ നടത്തിയ മുഴുവന്‍ അഴിമതിയും അക്കമിട്ട് പറഞ്ഞുവെന്നും, അയാള്‍ കുറ്റവാളിയാണെന്ന് അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടിയെന്നും രേഖകള്‍ സഹിതം നിക്ഷേപകര്‍ വ്യക്തമാക്കി.
ഏകദേശം 40 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയിലേക്ക് 10 കോടി രൂപ പോലും ചെലവിട്ടിട്ടില്ലെന്ന് ഒരു സാധാരണക്കാരന് പോലും കണ്ടെത്താന്‍ കഴിയുന്ന വിധത്തിലുള്ള സാമ്പത്തിക തിരിമറികള്‍ നടത്തിയത് കോടതി നിയോഗിച്ച കമ്മീഷന് കണ്ടെത്തിയതോടെ, പദ്ധതി വരുമാനം മുഴുവന്‍ സ്വകാര്യമായി അനുഭവിച്ചു കൊണ്ടിരുന്ന രാജീവ് അഞ്ചലിനെയും കുടുംബത്തെയും കൂടുതല്‍ അഴിമതികള്‍ നടത്തുന്നതില്‍ നിന്നും തടയുന്നതിന്റെ ഭാഗമായി പദ്ധതി വരുമാനത്തില്‍ രാജീവ് അഞ്ചലിന് തുടര്‍ന്ന് അധികാരമില്ലെന്ന് കൊച്ചിയിലെയും ചെന്നൈയിലെയും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലുകള്‍ (എന്‍സിഎല്‍ടി) ഉത്തരവിട്ടിട്ടുണ്ടെന്നും നിക്ഷേപകര്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്കാതെയുള്ള പദ്ധതിയുടെ ദൈനംദിന നടത്തിപ്പ് ഭാഗികമായി അവതാളത്തിലായിട്ടും മറ്റു വഴിയിലൂടെ തട്ടിപ്പും വഞ്ചനയും തുടരാന്‍ ജടായു പദ്ധതിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം മുഴുവന്‍ പൂര്‍ണമായും പണം വാങ്ങിയുള്ള ടിക്കറ്റ് വില്പനയിലേക്ക് മാത്രമായി മാറ്റി, തൊഴിലാളികളെയും നിക്ഷേപകരെയും സര്‍ക്കാറിനെയും ബാങ്കിനെയും അടക്കം കബളിപ്പിക്കല്‍ തുടരുകയാണ് രാജീവ് അഞ്ചലെന്നും ഇതിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും ശബ്ദമുയര്‍ത്തണമെന്നും നിക്ഷേപകര്‍ അഭ്യര്‍ത്ഥിച്ചു.
48 വര്‍ഷത്തെ പ്രവാസ ജീവിതത്തിലൂടെയുണ്ടായ തന്റെ സമ്പാദ്യം മുഴുവന്‍ ഈ പദ്ധതിയില്‍ നിക്ഷേപിച്ചതാണെന്നും, എന്നാല്‍ രാജീവ് അഞ്ചല്‍ ചതിച്ചതിനാല്‍ തന്റെയും നാലു പെണ്‍കുട്ടികളടങ്ങിയ കുടുംബത്തിന്റെയും ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും കൊല്ലം സ്വദേശിയായ അന്‍സാരി അബ്ദുല്‍ വഹാബ് കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പദവിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കേരള സര്‍ക്കാര്‍ 150 പ്രവാസികള്‍ ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട് പെരുവഴിയിലായിട്ടും തങ്ങളെ സഹായിക്കാനാവാത്ത നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന് ഷിജി മാത്യു അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേരളം കണ്ട ഏറ്റവും വലിയ കോര്പപറേറ്റ് തട്ടിപ്പ് ജടായുപ്പാറ ടൂറിസത്തില്‍ നടന്നുവെന്ന് കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധികാരി വര്‍ഗവും കരാറുകാരനെ സംരക്ഷിക്കുകയാണ്.
2020 മാര്‍ച്ച് മുതല്‍ നിക്ഷേപകരെ പദ്ധതി പ്രദേശത്ത് കടക്കുന്നത് തടയുന്ന സ്ഥിതിയാണ്. കോടതി വിധികള്‍ കാറ്റില്‍ പറത്തി പദ്ധതിയിലെ വരുമാനം മുഴുവന്‍ സ്വന്തം വീട്ടിലേക്ക് മാത്രമായി കൊണ്ടുപോവുകയായിരുന്ന രാജീവ് അഞ്ചലിനെ 06/06/2022 കോടതി ഉത്തരവിലൂടെ തടഞ്ഞു. കോടതി വിധി വന്ന 07/06/2022 മുതല്‍ 5 മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 4.5 കോടി രൂപ അക്കൗണ്ടില്‍ എത്തിയിരുന്നു. മാര്‍ച്ച് 2020 മുതല്‍ ജൂണ്‍ 2022 വരെ 27 മാസങ്ങള്‍ കൊണ്ട് രാജീവ് അഞ്ചല്‍ തട്ടിയെടുത്ത തുക ഏകദേശം 20 കോടിക്കടുത്ത് വരുമെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ഈ പണം ഉപയോഗിച്ച് ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ നിയോഗിച്ച് കേസ് നടത്തുകയാണ്. ജടായുവില്‍ 4 മാസമായി ശമ്പളം കൊടുക്കാതെ തൊഴിലാളികളെയും രാജീവ് അഞ്ചല്‍ പറ്റിക്കുകയാണെന്നും നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി.
നിക്ഷേപകരായ ദീപു ഉണ്ണിത്താന്, ബാബു വര്‍ഗീസ്, രഞ്ജി ചെറിയാന്, പ്രവിത് വിശ്വനാഥന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിക്ഷേപക കൂട്ടായ്മയായ ജടായുപ്പാറ ടൂറിസം ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന് (ജിഐഡബ്ള്യുഎ), ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് എന്നിവയുടെ സഹായത്തോടെയാണ് നിക്ഷേപകര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.