കാസര്‍കോട് സ്വദേശിയുടെ ജുമുഅ ഖുതുബകളുടെ മലയാള പരിഭാഷാ സമാഹാരം ശ്രദ്ധയാകര്‍ഷിച്ചു
ദുബൈ: യുഎഇയിലെ ജുമുഅ ഖുതുബകള്‍ക്ക് മലയാള പരിഭാഷാ പുസ്തകം ‘മിമ്പര്‍’ പ്രദ്ധീകരിച്ച് ശ്രദ്ധേയനായിരിക്കുകയാണ് കാസര്‍കോട് കളനാട് സ്വദേശിയായ മന്‍സൂര്‍ ഹുദവി. യുഎഇ 51-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോഴാണ് മലയാളികള്‍ക്ക് അറേബ്യന്‍ ഐക്യ നാടുകളുടെ സഹിഷ്ണുതാ ബോധവും സമഭാവനവും സേവന സന്നദ്ധതയും സഹവര്‍ത്തിത്വവും വിളിച്ചോതുന്ന രീതിയില്‍ വെള്ളിയാഴ്ച നമസ്കാരത്തിന്റെ ഭാഗമായ ഖുതുബ പ്രഭാഷണങ്ങള്‍ മൊഴി മാറ്റി പുസ്തകമാക്കി പ്രസിദ്ധീകരിച്ചത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തി ഈ പുസ്തകം സാന്നിധ്യമറിയിച്ചിരുന്നു. പുസ്തകോല്‍സവത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്, മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റില്‍, മാധ്യമപ്രവര്ത്തകന് ഫസ്ലു എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങിയിരുന്നു. ഏതാനും വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ വെള്ളിയാഴ്ചകളില്‍ പ്രസിദ്ധീകരിച്ച് വരുന്ന ജുമുഅ പ്രഭാഷണങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഖുതുബകളുടെ സ്വതന്ത്ര വിവര്‍ത്തന കുറിപ്പുകളാണ് ഒന്നാം ഭാഗമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബി ഭാഷയില്‍ മസ്ജിദുകളിലെ പ്രസംഗ പീഠം എന്നര്‍ത്ഥമാക്കുന്നതാണ് മിമ്പര്‍ എന്ന വാക്ക്.
യുഎഇ ഔഖാഫ് മത കാര്യാലയം എല്ലാ വെള്ളിയാഴ്ചകളിലും ഖുതുബകള്ക്കായി നിര്‍ദേശിച്ച് നല്കിയ ഗഹനമായതും കാലിക പ്രസക്തവുമായ വിഷയങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. രാജ്യത്തെ ആയിരക്കണക്കിന് പള്ളികളില്‍ ലക്ഷങ്ങള്‍ ശ്രവിച്ചതാണ് ഇതിലെ ഉള്ളടക്കം. അതിന്റെ അന്ത:സത്ത നഷ്ടപ്പെടാതെ സാഹിത്യ മികവോടെ തയാറാക്കിയത് പുസ്തകത്തിന്റെ സവിശേഷതയാണ്. ഖുതുബകള്‍ സ്വന്തം ബ്ളോഗായ ‘കളനാടന്‍.കോമി’ലും മന്‍സൂര്‍ ഹുദവി പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഏവര്‍ക്കും വായിക്കാവുന്ന രീതിയില്‍ ലളിതവും സരളവുമായ ഭാഷയില്‍ വിഷയാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച പരിഭാഷകള്‍ മലപ്പുറം ചെമ്മാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുക് പ്ളസ് ആണ് പ്രസാധനം ചെയ്തിരിക്കുന്നത്. പരിഭാഷ ചെയ്യപ്പെട്ട പ്രഭാഷണ കുറിപ്പുകളുടെ തുടര്‍ ഭാഗങ്ങളും പ്രസിദ്ധീകരിക്കും.
കളനാട്ടെ ദേളി മുഹമ്മദ് കുഞ്ഞി-ആഇശ ദമ്പതികളുടെ മകനാണ് മന്‍സൂര്‍ ഹുദവി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, കാസര്‍കോട് എംഐസി ദാറുല്‍ ഇര്‍ശാദ് അകാഡമി എന്നിവിടങ്ങളില്‍ നിന്നായി ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമം ദിനപത്രം കാസര്‍കോട് ജില്ലാ ബ്യൂറോയില്‍ ലേഖകനും അര്‍ശദുല്‍ ഉലൂം ദഅ്വാ കോളജില്‍ അധ്യാപകനുമായിരുന്നു. നിലവില്‍ ദുബൈയില്‍ ട്രാന്‍സ്ലേറ്ററായി ജോലി ചെയ്യുന്നു. ഭാര്യ: ഫാത്വിമത് റംസി ജഹാന് (ഓഡിയോളജിസ്റ്റ്, സ്പീച് തെറാപിസ്റ്റ്). ഖദീജ ജസ്വ മകളാണ്.
https://www.kasargodvartha.com/2022/11/native-of-kasaragod-with-malayalam.html