കരുണാര്‍ദ്രമായ ഹൃദയങ്ങള്‍

ശരീരത്തിലെ സുപ്രധാന ഭാഗമാണ് ഹൃദയം. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പറയുന്നുണ്ട്: ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം മൊത്തം നന്നാവും, അത് ചീത്തയായാല്‍ ശരീരം മൊത്തം ചീത്തയാവും. നിങ്ങളറിയുക, ആ മാംസക്കഷ്ണമാണ് ഹൃദയം (ഹദീസ് ബുഖാരി, മുസ്‌ലിം). അതായത്, മനസാണ് മുഴുവന്‍ ശരീരാവയവങ്ങളുടെയും ചാലകവും പ്രേരകവും. എല്ലാ വിധ ചിന്തകളുടെയും മനനങ്ങളുടെയും കേന്ദ്ര സ്ഥാനവുമാണത്. ഹൃദയം വഴിയാണ് ശരീരം സ്വാംശീകരിക്കുന്നതും സംസ്‌കരിക്കുന്നതും. ഹൃദയ സാന്നിധ്യമുള്ളവന് ഉദ്‌ബോധനമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ഖാഫ് 37-ാം സൂക്തത്തില്‍ തീര്‍ത്തു പറയുന്നുണ്ട്.
സത്യവിശ്വാസികളുടെ സംശുദ്ധ ഹൃദയങ്ങള്‍ വിശുദ്ധ സൂക്തങ്ങളിലേക്ക് ഭക്തിസാന്ദ്രമായി കാതോര്‍ക്കുമത്രെ. അല്ലാഹു പറയുന്നു: അല്ലാഹുവിനെ കുറിച്ച് അനുസ്മരിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു വിറ കൊള്ളുകയും, അവന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ നാഥനില്‍ സമസ്തവും അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍ (സൂറത്തുല്‍ അന്‍ഫാല്‍ 02). സത്യവിശ്വാസത്തില്‍ രൂഢമൂലമായ ഹൃദയങ്ങള്‍ ദൈവ സ്മരണയില്‍ ആനന്ദം കണ്ടെത്തിക്കൊണ്ടിരിക്കും. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവസ്മരണയാല്‍ മനസ്സമാധാനമാര്‍ജിക്കുകയും ചെയ്തവരെ തന്നിലേക്കവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു. അറിയുക, ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങളുടെ പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28).
അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് നിര്‍ബന്ധ കാര്യങ്ങള്‍ യഥാസമയം യഥാവിധി നിര്‍വഹിക്കാനും മത ചിഹ്നങ്ങളെ ബഹുമാനിക്കാനും വെമ്പല്‍ കൊള്ളുന്ന ഹൃദയങ്ങള്‍ പരിശുദ്ധമാണ്. ”അല്ലാഹുവിന്റെ മതചിഹ്നങ്ങള്‍ ഒരാള്‍ ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുത്ഭൂതമാകുന്നത് തന്നെയത്രേ” (സൂറത്തു ഹജ്ജ് 32). സഹിഷ്ണുതയും സഹവര്‍ത്തിത്വവുമുള്ള മനസുകള്‍ ചുറ്റുമുള്ളവരോട് ഏറെ ഉദാരവും ഇണങ്ങിയതുമായിരിക്കും. ”അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ കൂട്ടിയിണക്കുകയുമുണ്ടായി. നബിയേ, ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും ചെലവഴിച്ചാലും അവരുടെ മനസ്സുകള്‍ ഇണക്കിച്ചേര്‍ക്കാന്‍ താങ്കള്‍ക്കാകുമായിരുന്നില്ല” (സൂറത്തുല്‍ അന്‍ഫാല്‍ 63).
ദുര്‍ബലര്‍, നിരാലംബര്‍, അനാഥര്‍, ദരിദ്രര്‍ എന്നിവരെ കരുണാര്‍ദ്രമായി സഹായിക്കുന്ന ഹൃദയങ്ങള്‍ പുണ്യമാക്കപ്പെട്ടതാണ്. മനുഷ്യന് അവന്റെ ധനമോ സന്താനങ്ങളോ ഉപകാരപ്പെടാത്ത ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ സുരക്ഷിത ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെല്ലുന്നവര്‍ക്കായിരിക്കും ആശ്വാസമെന്ന് സൂറത്തുശ്ശുഅറാഅ് 88, 89 സൂക്തങ്ങളില്‍ കാണാം. നബി (സ്വ) എടുത്തു പറഞ്ഞ മൂന്നു വിഭാഗം സ്വര്‍ഗാവകാശികളില്‍ ഒരു കൂട്ടര്‍ കരുണയും നൈര്‍മല്യവുമുടയ ഹൃദയമുള്ളവരാണ് (ഹദീസ് സ്വഹീഹു ബ്‌നു ഹിബ്ബാന്‍ 2/424). സ്വല്‍സ്വഭാവവും കരുണാമയമായ ഹൃദയവുമുള്ളവര്‍ സ്വര്‍ഗത്തിലെ ഉന്നതരായിരിക്കുമെന്നാണ് പ്രമുഖ പണ്ഡിതന്‍ ദുല്‍നൂനില്‍ മിസ്വ്‌രി (റ) പറഞ്ഞത്.
നബി (സ്വ) ഏവരോടും ഹൃദ്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. നന്നായി കരുണ കാട്ടുന്ന ഹൃദയമുള്ളവരായിരുന്നെന്ന് സ്വഹാബികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്‌ലിം). നബി(സ്വ)യുടെ ഈ ഹൃദയ കരുണ അനുചരന്മാരും ജീവിതത്തല്‍ പകര്‍ത്തിയിരുന്നുവെന്നും അവരായിരുന്നു സമുദായത്തിലെ അതിശ്രേഷ്ഠരെന്നും അബ്ദുല്ലാഹി ബ്‌നു ഉമര്‍ (റ) പറഞ്ഞിട്ടുണ്ട്.
മനുഷ്യന്റെ ജീവിത വിജയം രണ്ടു കാര്യങ്ങളിലൂടെയാണ്. ഒന്ന്, അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വില കല്‍പിക്കുക. രണ്ടാമത്തേത്, അവന്റെ സൃഷ്ടികളോട് ദയയും കരുണയും അനുകമ്പയും കാണിക്കുക (തഫ്‌സീറു റാസി 20/290).