‘മ്മടെ തൃശ്ശൂര്‍ പൂരം’ ദുബൈയില്‍ ആഘോഷിച്ചു

ദുബൈ: ദുബൈയെ താള മേളങ്ങളുടെ ആഘോഷം നിറഞ്ഞ പൂരപ്പറമ്പക്കി ‘മ്മടെ തൃശ്ശൂര്‍ പൂരം’ അരങ്ങേറി. ആവേശത്തോടെ ജനങ്ങള്‍ ഒഴുകിയെത്തിയതോടെ ഇത്തിസാലാത്ത് അക്കാദമിയില്‍ മ്മടെ തൃശ്ശൂരും ഇക്വിറ്റി പ്‌ളസ് അഡ്വര്‍ടൈസിംഗും സംഘടിപ്പിച്ച പ്രവാസി പൂരത്തെ ദുബൈ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ദുബൈ തൃശ്ശൂര്‍ പൂരത്തിന്റെയും, നാട്ടിലെ തൃശ്ശൂര്‍ പൂരത്തിന്റെയും ആവേശത്തോടെയും, പൊലിമയോടെയുമാണ് ദുബൈയില്‍ മ്മടെ തൃശൂര്‍ പൂരം അരങ്ങേറിയത്.
രാവിലെ തന്നെ പൂരത്തിന്റെ ആഷോഷക്കാഴ്ചകള്‍ക്ക് തുടക്കമായിരുന്നു. കൊടിയേറ്റം, ഇരുകോല്‍ പഞ്ചാരി മേളം, മഠത്തില്‍ വരവ് പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയിറക്കം എന്നിവ പൂരപ്പറമ്പില്‍ അരങ്ങേറി.

മേള ലയങ്ങളുടെ വാദ്യഘോഷപ്പെരുമയില്‍ ആര്‍ത്തിരമ്പുന്ന ജനസാഗരത്തോടൊപ്പം 100ലധികം വാദ്യ കലാകാരന്മാരെ അണിനിരത്തി വിണ്ണില്‍ നിന്ന് താളക്രമങ്ങളെ വിരല്‍ത്തുമ്പില്‍ സംയോജിപ്പിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രവാസ ലോകത്ത് ആദ്യമായൊരുക്കിയ മട്ടന്നൂര്‍ സ്‌പെഷ്യല്‍ ഇരുകോല്‍ പഞ്ചാരി മേളം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ തൃശ്ശൂരിലെ പൂരപ്പറമ്പിലെത്തിച്ചു.
പ്രവാസ ലോകത്ത് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിക്കാനായി എത്തുന്ന പാറമേക്കാവിന്റെ പ്രമാണം വഹിക്കുന്ന പറക്കാട് തങ്കപ്പ മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും ഇത്തവണത്തെ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായി. 100ലധികം കലാകാരന്മാരെ അണിനിരത്തി പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ അരങ്ങേറിയ ലോക പ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടി മേളം കാണികള്‍ക്ക് മറ്റൊരു വിരുന്നായി.
പ്രശസ്ത പിന്നണി ഗായികരും സംസ്ഥാന പുരസ്‌കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിച്ച ലൈവ് ബാന്‍ഡ് മ്യൂസിക് നൈറ്റും മ്മടെ തൃശ്ശൂര്‍ പൂര നഗരിയില്‍ കാണികളെ ത്രസിപ്പിച്ചു. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക് ആനകള്‍, തൃശ്ശൂര്‍ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂര്‍ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂര നഗരിയിലെത്തിയ ആയിരങ്ങളില്‍ ആവേശം നിറച്ചു.
നിക്കായ് ആയിരുന്നു മ്മടെ ടൈറ്റില്‍ സ്‌പോണ്‍സറായത്. ജിആര്‍ബി പ്യൂര്‍ ഘീ, ഇഗ്‌ളൂ ഐസ്‌ക്രീംസ്, ഫില്‍മി, ഹോട്ട്പാക്ക്, വള്‍കന്‍, ലെയ്ത് ഇലക്‌ട്രോ മെക്കാനികല്‍, യുഎക്യു ഫോംസ്, മിയാകാസ ഗ്രൂപ്, ജെഎംജെ ഹൗസിംഗ് ലിമിറ്റഡ്, ഫോര്‍ടെല്‍ ഗ്‌ളേശാബല്‍ എന്നിവ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരുമായി. ബാക്ക് വാട്ടേഴ്‌സ് റെസ്റ്റോറന്റ് ഉമ്മുല്‍ഖുവൈന്‍ ആണ് റസ്റ്റോറന്റ് പാര്‍ട്ണര്‍.