രോഗീ സന്ദര്‍ശനം പുണ്യം

ഇസ്‌ലാമികാദര്‍ശത്തില്‍ മഹത്തായ പ്രവര്‍ത്തനമാണ് രോഗബാധയോ വല്ലായ്മയോ ഉള്ളവരെ സന്ദര്‍ശിക്കല്‍. രോഗിയെ സന്ദര്‍ശിക്കാന്‍ പ്രേരണയേകുന്ന വിശുദ്ധ ഇസ്‌ലാം അതിന്റെ ശ്രേഷ്ഠതയും ഐഹിക പ്രതിഫലവും വിവരിച്ചിട്ടുണ്ട്. ഒരു ഖുദ്‌സിയായ ഹദീസില്‍ കാണാം, നബി (സ്വ) പറയുന്നു: അല്ലാഹു അന്ത്യനാളില്‍ മനുഷ്യനോട് ചോദിക്കുമത്രെ: ആദം സന്തതിയേ, ഞാന്‍ രോഗിയായിരുന്നപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ലല്ലോ? അപ്പോള്‍ അയാള്‍ പറയും: എന്റെ നാഥാ, ഞാനെങ്ങനെ നിന്നെ സന്ദര്‍ശിക്കുക? നീ ലോക രക്ഷിതാവാണല്ലോ! അപ്പോള്‍ അല്ലാഹു പറയും: എന്റെ ഒരു അടിമ രോഗിയായ വിവരം അറിഞ്ഞില്ലേ, ആ രോഗിയെ നീ സന്ദര്‍ശിച്ചില്ലല്ലോ? നീ അറിയുമോ നീ ആ രോഗിയെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അയാളുടെ അടുക്കല്‍ നിനക്ക് എന്നെ കാണാമായിരുന്നു (ഹദീസ് മുസ്‌ലിം 2569). രോഗിയെ സന്ദര്‍ശിച്ചാല്‍ അവന് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലവും ആദരവും ലഭിക്കുമെന്ന് സാരം.
നബി (സ്വ) പറയുന്നു: ഒരു സത്യവിശ്വാസി മറ്റൊരാളെ രാവിലെ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മാലാഖമാര്‍ അവനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. വൈകുന്നേരം സന്ദര്‍ശിച്ചാല്‍ രാവിലെ വരെ അവന് വേണ്ടി എഴുപതിനായിരം മാലാഖമാര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. മാത്രമല്ല, അവന് സ്വര്‍ഗത്തിലൊരു പൂന്തോട്ടവും സജ്ജമായിരിക്കും (ഹദീസ് തുര്‍മുദി 891). മറ്റൊരു ഹദീസില്‍ കാണാം, ഒരാള്‍ ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ ആകാശത്തില്‍ ഒരു അശരീരി മുഴങ്ങുമത്രെ: ”താങ്കള്‍ സുകൃതം ചെയ്തിരിക്കുന്നു, താങ്കളുടെ നടത്തം നല്ലതിനായിരിക്കുന്നു. അതിനാല്‍ താങ്കള്‍ക്ക് സ്വര്‍ഗത്തിലൊരു സ്ഥാനം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്”(ഇബ്‌നു മാജ 1443).
നബി (സ്വ) രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകരുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യങ്ങള്‍ ഓര്‍മിക്കുകയും സഹിച്ചതിന്റെയും ക്ഷമിച്ചതിന്റെയും പ്രതിഫലങ്ങള്‍ വിവരിക്കുകയും ചെയ്തിരുന്നു. രോഗം കാരണം പരലോക സ്ഥാനങ്ങള്‍ ഉയരുകയും ദോഷങ്ങള്‍ മാപ്പാക്കപ്പെടുകയും ചെയ്യുമെന്നും ഉണര്‍ത്തുമായിരുന്നു. ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ച നബി (സ്വ) പറയുകയുണ്ടായി: തീ സ്വര്‍ണത്തിലെയും വെള്ളിയിലെയും അഴുക്കുകള്‍ പോക്കുന്നത് പോലെ സത്യവിശ്വാസിയുടെ രോഗം കാരണത്താല്‍ അല്ലാഹു അവന്റെ ദോഷങ്ങള്‍ മായ്ച്ചു കളയുന്നതായിരിക്കും (ഹദീസ് അബൂദാവൂദ് 2688). ഒരു സത്യവിശ്വാസി എന്തെങ്കിലും പ്രയാസം നേരിട്ടാല്‍, ഒരു നിസാര മുള്ളോ അല്ലെങ്കില്‍ അതിനെക്കാള്‍ വലുതോ എന്തുമാവട്ടെ, അത് കാരണം മരത്തില്‍ നിന്ന് ഇലകള്‍ കൊഴിയുന്നത് കണക്കെ അല്ലാഹു അവന്റെ ദോഷങ്ങള്‍ പൊറുത്തു കൊടുക്കുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്‌ലിം).
സന്ദര്‍ശന വേളയില്‍ രോഗശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും നബി (സ്വ) നിര്‍വഹിച്ചിരുന്നു. രോഗിയായ സഅ്ദ് ബ്‌നു അബീ വഖാസി(റ)നെ സന്ദര്‍ശിച്ചപ്പോള്‍, ”നാഥാ, സഅ്ദിന് നീ രോഗശമനം പ്രദാനം ചെയ്യേണമേ” എന്ന് മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിച്ചതായി ചരിത്രത്തില്‍ കാണാം (ഹദീസ് ബുഖാരി, മുസ്‌ലിം). തീര്‍ച്ചയായും അല്ലാഹുവാണ് രോഗശമനം ഏകുന്നവന്‍, രോഗബാധിതനായാല്‍ ശമിപ്പിക്കുന്ന അല്ലാഹുവെന്ന് ഇബ്രാഹിം നബി (സ്വ) പറയുന്നത് പരിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട് (സൂറത്തുശ്ശുഅറാഅ് 80).
രോഗിയെ സന്ദര്‍ശിക്കല്‍ പവിത്രമായ പ്രവാചക ചര്യയാണ്, ശ്രേഷ്ഠമായ മാനുഷിക മൂല്യമാണ്. അത് അനുധാവനം ചെയ്യാനാണ് നബി (സ്വ) സത്യവിശ്വാസികളോട് കല്‍പിക്കുന്നത് (ഹദീസ് അഹ്മദ് 11445, ഇബ്‌നു ഹബ്ബാന്‍ 2955). ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ സന്ദര്‍ഭോചിതമായി സന്ദര്‍ശിക്കണം. സന്ദര്‍ശനം ദീര്‍ഘിപ്പിക്കാതിരിക്കല്‍ സുന്നത്താണ്. സന്ദര്‍ശിക്കുമ്പോള്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കണം. രോഗിക്ക് സൗഖ്യ പ്രതീക്ഷ നല്‍കി സമാശ്വസിപ്പിക്കണം. ആകുലതകള്‍ ദൂരീകരിച്ചു കൊടുക്കണം.