പ്രചര സൂപര്‍ ലീഗ് ഡിസം.25ന് മിര്‍ദിഫ് ഗ്രീന്‍ സോണില്‍

പ്രചര ചാവക്കാട് സൂപര്‍ ലീഗ് 2022നെ കുറിച്ച് പ്രസിഡന്റ് ഷാജി എം.അലി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു. പ്രോഗ്രാം കണ്‍വീനര്‍ അഭിരാജ് പൊന്നാരശ്ശേരി, ട്രഷറര്‍ ഫാറൂഖ് തെക്കത്ത്, ഉപദേശക സമിതിയംഗങ്ങളായ മുബാറക് ഇംബാറക്ക്, മണി കോച്ചന്‍, അബൂബക്കര്‍, സാദിഖ്, ഷാഹുല്‍ തെക്കത്ത് സമീപം

ദിവസം മുഴുവന്‍ നീളുന്ന കുടുംബ വിനോദ പരിപാടികളും

ദുബൈ: യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ പ്രചര ചാവക്കാട് ആഭിമുഖ്യത്തില്‍ ‘പ്രചര സൂപര്‍ ലീഗ് 2022’ (പിഎസ്എല്‍ 2022) ഡിസംബര്‍ 25ന് മിര്‍ദിഫ് ഗ്രീന്‍ സോണില്‍ ഉച്ച 2.30 മുതല്‍ സംഘടിപ്പിക്കുമെന്ന് ഭരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഖിലേന്ത്യാ തലത്തിലുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്. 16 ഇന്ത്യന്‍ ടീമുകളാണ് നോക്കൗട്ട് അടിസ്ഥാനത്തിലുള്ള മല്‍സരത്തില്‍ പങ്കെടുക്കുക. 1, 2, 3 സ്ഥാനക്കാര്‍ക്ക് ട്രോഫികളും കാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും നല്‍കും. ഫുട്‌ബോളിലെ പ്രഫഷനലുകള്‍ ഏറ്റുമുട്ടുന്ന ശ്രദ്ധേയമായ ടൂര്‍ണമെന്റായിരിക്കും ഇത്. കേവലം ഫുട്‌ബോള്‍ മല്‍സരത്തിനപ്പുറം ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കുടുംബ വിനോദ പരിപാടികളും ഇതോടനുന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.


തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് നിന്നുള്ളവരുടെ സംഘടനയായ ‘പ്രചര ചാവക്കാട്’ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി യുഎഇയിലും നാട്ടിലും സ്തുത്യര്‍ഹ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. 300ലധികം അംഗങ്ങള്‍ യുഎഇയിലുണ്ട്. പ്രസിദ്ധ കവി യൂസഫലി കേച്ചേരിയാണ് പ്രചര എന്ന പേര് നല്‍കിയത്. വിവിധ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മ നടത്തി വരുന്നത്. കോവിഡ് രൂക്ഷമായ കാലയളവില്‍ പ്രയാസമനുഭവിച്ചവര്‍ക്ക് ആയിരക്കണക്കിന് ഭക്ഷണ കിറ്റുകളും മറ്റു സഹായങ്ങളും പ്രചര എത്തിക്കുകയുണ്ടായി. 2019ലാണ് ഏറ്റവും ഒടുവിലായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയത്. കോവിഡനുബന്ധ സാഹചര്യങ്ങള്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി പരിപാടികളൊന്നും നടത്തിയിരുന്നില്ല. പിഎസ്എല്‍ 2022ലേക്ക് ഏവരെയും സംഘാടകര്‍ കുടുംബ സമേതം ക്ഷണിക്കുന്നു.
പ്രചര ചാവക്കാട് പ്രസിഡന്റ് ഷാജി എം.അലി, പ്രോഗ്രാം കണ്‍വീനര്‍ അഭിരാജ് പൊന്നാരശ്ശേരി, ട്രഷറര്‍ ഫാറൂഖ് തെക്കത്ത്, ഉപദേശക സമിതിയംഗങ്ങളായ മുബാറക് ഇംബാറക്ക്, മണി കോച്ചന്‍, അബൂബക്കര്‍, സാദിഖ്, ഷാഹുല്‍ തെക്കത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.