ദുബായ്: പ്രചര ചാവക്കാട് യുഎഇ ചാപ്റ്റര്‍ നടത്തിയ പ്രചര സൂപ്പര്‍ ലീഗ് 2022 അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജിഎഫ്സി റേഞ്ചര്‍ കോര്‍ണര്‍ വേള്‍ഡ് ഒറവങ്ങരയെ പരാജയപ്പെടുത്തി ഒണ്‍ലി ഫ്രഷ് ലയണ്‍സ് മറ്റം ചാമ്പ്യന്മാരായി.
കേരള ഫുട്ബോള്‍ അസോസിയേഷനുമായി (കെഫ) സഹകരിച്ച് യുഎഇയിലെ 16 പ്രമുഖ ടീമുകള്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ മാറ്റുരച്ച മത്സരം ദുബൈ ഗ്രീന്‍ സോണ്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ പ്രചര ചെയര്മാന് സുശീലന് വാസു കിക്കോഫ് ചെയ്തു.
ശിങ്കാരി മേളത്തിന്റെ പശ്ചാത്തലത്തിലും കഥകളി, പുലിക്കളി എന്നീ കലാരൂപങ്ങളുടെ അവതരണത്തിലും ഉല്‍സവഛായ പകര്‍ന്ന അന്തരീക്ഷത്തില്‍ സാന്താ ക്ളോസിന്റെ വേഷം കൂടിയായതോടെ സാംസ്കാരിക ഘോഷയാത്ര ആവേശം നിറഞ്ഞതായി.
സൗജന്യ എന്‍ട്രി കൂപ്പണ്‍ വഴി അര മണിക്കൂര്‍ ഇടവിട്ട് നടത്തിയ നറുക്കെടുപ്പിലൂടെ സ്വര്‍ണ നാണയങ്ങളുള്പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങള്‍ നല്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായി പ്രചര സൂപ്പര്‍ ലീഗ്.
ഗ്രാന്‍ഡ് സ്റ്റോര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപാല്‍ സുധാകരന്, ഷിജിന ട്രേഡിംഗ് ചെയര്മാന് എം.കെ അഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ അഹമ്മദ്, എന്‍.ടി.വി ചെയര്മാന് മാത്തുക്കുട്ടി കടോണ്‍, വീപീസ് ഗ്രൂപ്പ് ചെയര്മാന് അബു അബ്ദുല്ല, റിസാന് ജ്വല്ലറി ഡയറക്ടര്‍ ഷനൂപ് പി.പി, അറക്കല്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ അനീഷ്, യൂണിക് വേള്‍ഡ് എജുക്കേഷന്‍ ഡയറക്ടര്‍ ശാക്കിര്‍, ദേര ഗോള്‍ഡ് പാര്‍ട്ണര്‍ ജാഫര്‍ മൂസ, മജ്ലിസ് ഒപ്റ്റിക്സ് ചെയര്മാന് സമീര്‍ മജ്ലിസ്, കെഫ പ്രസിഡന്റ് ജാഫര്‍ ഒറവങ്ങര, ഗായകന് ഇഷാന് ദേവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചാമ്പ്യന്മാര്ക്കും റണ്ണര്‍ അപ്പിനുമുള്ള ട്രോഫികള്‍ക്കും കാഷ് പ്രൈസിനും പുറമെ മൂന്നും നാലും സ്ഥാനക്കാര്‍ക്കും, ഫെയര്‍ പ്ളേ, ഏറ്റവും നല്ല കളിക്കാരന്, ഡിഫന്‍ഡര്‍, ഗോള്‍ കീപ്പര്‍, ടോപ് സ്കോറര്‍ എന്നിവര്‍ക്കുമുള്ള വ്യക്തിഗത ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.
നാളിതു വരെയുള്ള പ്രചരയുടെ കലാ-കായിക-കാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രചര ചാവക്കാട് ചെയര്മാന് കെ.വി സുശീലന് ചടങ്ങില്‍ വിശദീകരിച്ചു. പ്രസിഡന്റ് ഷാജി എം.അലി, പിഎസ്എല്‍ പ്രോഗ്രാം കണ്‍വീനര്‍ അഭിരാജ് പി.ഡി, സെക്രട്ടറി അലാവുദ്ദീന്‍, ട്രഷറര്‍ ഫാറൂഖ് തെക്കത്ത് എന്നിവര്‍ സംസാരിച്ചു.
ഉപദേശക സമിതി അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിഖ് അലി, അബൂബക്കര്‍, ഫൈസല്‍ ടി.പി, മണി കോച്ചന്, ഷാഹുല്‍ തെക്കത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിപാടി ഉണ്ണി പുന്നാര, ഫിറോസ് അലി, സുനില്‍ കോച്ചന്, ഷഹീര്‍, സുദര്ശന്, സനീര്‍, നൗഷാദ് & ടീം ആഷിഫ്, അക്ബര്‍, വീരോജ്, വിമല്‍, രഞ്ജിത്, സകരിയ, വിനോദ് എന്നിവരുടെ സംഘാടന മികവില്‍ പ്രചര സൂപ്പര്‍ ലീഗ് 2022 യുഎഇയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് എന്നെന്നും ഓര്‍മിക്കാനാകുന്ന വേറിട്ട കായിക-സാംസ്കാരികാനുഭവമായി മാറി.