ദുബൈ: കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിക്ക് യുഎഇയില്‍ ഉപ കേന്ദ്രം സ്ഥാപിക്കുമെന്ന് അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അറിയിച്ചു. ഇതോടെ, അക്കാദമിയുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് ഉദ്ദേശ്യം. ഉപ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് തുടങ്ങും. ഇവിടെ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, അറബി മലയാളം എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ കോഴ്സുകള്‍ ആരംഭിക്കും. ഉപ കേന്ദ്രത്തിനാവശ്യമായ സ്ഥലം കണ്ടെത്താനും പേട്രണ്‍, ഭാരവാഹികള്‍ എന്നിവരെ തെരഞ്ഞെടുക്കാനും സമിതിയെ നിയോഗിച്ചു. എന്‍.കെ കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീന് നെല്ലറ, ഡോ. അബ്ബാസ് പനക്കല്‍, അബ്ദുല്‍ അസീസ്.എം, ടി.ജമാലുദ്ദീന്‍, പി.എം അബ്ദുല്‍ റഷീദ് തുടങ്ങിയവരാണ് ഭാരവാഹികള്‍.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുമായി സഹകരിച്ച് മലബാറുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സംരക്ഷണത്തിനും പരസ്പര കൈമാറ്റത്തിനുമുള്ള പദ്ധതിയും അക്കാദമിയുടെ കീഴില്‍ ആരംഭിക്കുന്നുണ്ട്. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ അ ക്കാദമിക്കു വേണ്ടി ഇംഗ്ളണ്ടിലെ സറി സര്‍വകലാശാലയിലെ ഡോ. അബ്ബാസ് പനക്കല്‍ ബ്രിട്ടീഷ് ലൈബ്രറിയുമായി ധാരണയിലെത്തി. ഇതിന്റെ ഗുണ ഫലങ്ങള്‍ പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കും.
കലാ-സാഹിത്യ രംഗത്ത് പ്രവാസികള്‍ക്ക് മികച്ച പരിശീലനം നല്കി അക്കാദമി നേരിട്ട് പരീക്ഷ നടത്തി കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. യുഎഇയിലെ സ്കൂള്‍ കുട്ടികള്‍ക്കും മാപ്പിള കലകളില്‍ പരിശീലനം നല്കാന് പദ്ധതിയുണ്ടാക്കും. ഉപ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും.