വിസ്താര മുംബൈ-മസ്‌കത്ത് പ്രതിദിന സര്‍വീസിന് തുടക്കം; ഗള്‍ഫിലെ 4-ാം ലക്ഷ്യസ്ഥാനം

വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍. അസി.പിആര്‍ മാനേജര്‍ ഇഷാ തനേജ സമീപംണ്‍

വന്‍ ഡിമാന്റ് മിഡില്‍ ഈസ്റ്റ് നെറ്റ്‌വര്‍ക് വിപുലീകരണത്തിന് വഴിതുറന്നു

ദുബൈ: വിസ്താര എയര്‍ലൈന്‍സ് മുംബൈക്കും മസ്‌കത്തിനുമിടക്ക് പ്രതിദിന നോണ്‍ സ്‌റ്റോപ് സര്‍വീസ് ആരംഭിച്ചു. ഇന്ത്യയിലെ മികവുറ്റ സമ്പൂര്‍ണ സര്‍വീസുള്ള വിമാന കമ്പനിയാണ് ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര. തുടര്‍ച്ചയായ വര്‍ധിച്ച ഡിമാന്റ് പരിഗണിച്ചാണ് വിസ്താര നെറ്റ്‌വര്‍ക്കിലെ നാലാമത്തെ ലക്ഷ്യസ്ഥാനമായ മസ്‌കത്തിലേക്കുള്ള സര്‍വീസ് തുടങ്ങിയത്. ഇതുവഴി, മിഡില്‍ ഈസ്റ്റ് നെറ്റ്‌വര്‍ക് വിപുലീകരിക്കാനാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ വിസ്താര അതിന്റെ നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്ത മൂന്നാമത്തെ ഗള്‍ഫ് നഗരമാണ് മസ്‌കത്ത് (അബുദാബിയും ജിദ്ദയുമാണ് മറ്റ് രണ്ടെണ്ണം). മുംബൈക്കും ദുബായിക്കുമിടക്ക് വിസ്താരക്ക് നിലവില്‍ പ്രതിദിന സര്‍വീസുണ്ട്. ഇന്ത്യക്കും ഗള്‍ഫ് മേഖലക്കുമിടക്ക് യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിസ്താരയുടെ മിഡില്‍ ഈസ്റ്റ് റൂട്ടുകള്‍ നല്ല പ്രകടനം കാഴ്ച വെക്കുന്നു.
മസ്‌കത്തിലേക്കുള്ള ആദ്യ വിമാനം മുംബൈയില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് പുറപ്പെടും. മസ്‌കത്തില്‍ 9.35ന് എത്തുന്നതാണ്. ഇതോടെ, ബിസിനസ്-ഇകോണമി ക്‌ളാസുകള്‍ക്ക് പുറമെ, റൂട്ടില്‍ പ്രീമിയം ഇകോണമി ക്‌ളാസ് തെരഞ്ഞെടുക്കാനാകുന്ന ഏക വിമാന കമ്പനിയായി വിസ്താര മാറിയിരിക്കുന്നു.
മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ സാന്നിധ്യം കുത്തനെ കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് മസ്‌കത്തിലേക്കുള്ള സര്‍വീസെന്ന് വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള ദൃഢമായ ഉഭയ കക്ഷി ബന്ധവും ശക്തമായ സാംസ്‌കാരിക, സാമ്പത്തിക ബന്ധവും വളര്‍ച്ചാ പദ്ധതികള്‍ക്ക് വലിയ പ്രചോദനമായെന്നും മിഡില്‍ ഈസ്റ്റിലെ മറ്റ് റൂട്ടുകളിലെ തങ്ങളുടെ വിജയകരമായ ബിസിനസ് അതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ നിന്നും പ്രതിദിന കണക്റ്റിവിറ്റിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച സമ്പൂര്‍ണ വിമാന സര്‍വീസ് മസ്‌കത്തിലേക്ക് എത്തിക്കാനാകുന്നതില്‍ തങ്ങള്‍ ആവേശ ഭരിതരാണ്. അതോടൊപ്പം, അവാര്‍ഡ് നേടിയ വിസ്താരയുടെ സേവനങ്ങള്‍ യാത്രക്കാര്‍ ഈ റൂട്ടിലും ഏറെ ഇഷ്ടപ്പെടുമെന്നന്നും അദ്ദേഹം പ്രത്യാശിച്ചു.
ഇരു രാജ്യങ്ങളിലെയും വിസ/എന്‍ട്രി നടപടികള്‍ നിറവേറ്റുന്ന യോഗ്യരായ എല്ലാ യാത്രക്കാരെയും നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്കനുസൃതമായി വിസ്താര സ്വീകരിക്കുന്നു. ബുക്കിംഗ് നടത്തുന്നതിന് മുന്‍പ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കേണ്ടതാണ്.
സ്‌കൈട്രാക്‌സിലും ട്രിപ് അഡൈ്വസറിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. കൂടാതെ, ക്യാബിന്‍ ശുചിത്വത്തിനും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും ലോകോത്തര മികവുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ മികച്ച 20 എയര്‍ലൈനുകളില്‍ വിസ്താര അടുത്തിടെ ഉള്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച ക്യാബിന്‍ ക്രൂ’; തുടര്‍ച്ചയായ നാലാം വര്‍ഷം ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ്’; ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും’ ശ്രദ്ധേയമായ 2022ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് എന്നിവ വിസ്താരയെ തേടിയെത്തിയിട്ടുണ്ട്.

താജ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് പബ്‌ളിക് റിലേഷന്‍സ് മാനേജര്‍ ഇഷാ തനേജയും സംബന്ധിച്ചു.