പ്രവാചകാനുധാവനം

അല്ലാഹു പറയുന്നു: ആര് അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയത്രെ വിജയം കൈവരിച്ചവര്‍ (സൂറത്തുന്നൂര്‍ 52). പ്രവാചകരെയും അനുസരിക്കുമ്പോഴാണ് ദൈവാനുസരണ പൂര്‍ണമാകുന്നത്. അതായത്, പ്രവാചകരെ (സ്വ) അനുസരിക്കുമ്പോള്‍ അല്ലാഹുവിനെ അനുസരിക്കല്‍ കൂടി അതിലുണ്ട്. മറ്റൊരു ഖുര്‍ആനിക സൂക്തത്തില്‍ കാണാം: റസൂലിനെ ഒരാള്‍ അനുസരിക്കുന്നുവെങ്കില്‍ അയാള്‍ അല്ലാഹുവിനെ അനുസരിക്കുക തന്നെയാണ് ചെയ്തത് (സൂറത്തുന്നിസാഅ് 80). അല്ലാഹു കല്‍പനകളും നിരോധനങ്ങളും മറ്റു വ്യവസ്ഥകളുമായാണ് വിശുദ്ധ ഖുര്‍ആനിനെ അവതരിപ്പിച്ചിരിക്കുന്നത്. മാനുഷ്യകത്തിനായി അവതീര്‍ണമായത് അവര്‍ക്ക് പ്രതിപാദിച്ചു കൊടുക്കാനും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും താങ്കള്‍ക്ക് നാം ഖുര്‍ആന്‍ ഇറക്കിയിരിക്കുന്നുവെന്നാണ് അല്ലാഹു തന്നെ സൂറത്തുന്നഹ്‌ല് 44-ാം ആയത്തിലൂടെ അറിയിച്ചിരിക്കുന്നത്.
പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ അനുശാസനങ്ങള്‍ക്കും ആരാധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമുള്ള വിശദീകരണങ്ങള്‍ പഠിപ്പിച്ചത് മുഹമ്മദ് നബി(സ്വ)യാണ്. ഉദാഹരണത്തിന്, നമസ്‌കരിക്കാനുള്ള കല്‍പന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നടത്തിയിട്ടുണ്ട്. എന്നാല്‍, നബി(സ്വ)യാണ് നമസ്‌കാരത്തിന്റെ രൂപവും സമയവും റക്അത്തുകളുടെ എണ്ണവുമെല്ലാം വിശദമാക്കിയത്. ഞാന്‍ നമസ്‌കരിക്കുന്നത് കണ്ടത് പ്രകാരം നിങ്ങള്‍ നമസ്‌കരിക്കണമെന്നാണ് നബി (സ്വ) അനുചരന്മാരോട് പറഞ്ഞത് (ഹദീസ് ബുഖാരി 7246). അപ്രകാരം വ്രതം, സകാത്ത്, ഹജ്ജിലെ കര്‍മങ്ങള്‍ അങ്ങനെ സകല ആരാധനാനുഷ്ഠാനങ്ങളും നബി (സ്വ) സവിസ്തരം പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്നില്‍ നിന്ന് ഹജ്ജ് കര്‍മങ്ങള്‍ പകര്‍ത്തൂ എന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് 1297, അഹ്മദ് 14793).
ഉത്തമ സ്വഭാവ മഹിമകളാണ് നബി (സ്വ) സ്വജീവിതത്തിലൂടെ മാലോകര്‍ക്ക് പകര്‍ന്നു തന്നത്. ജഅ്ഫര്‍ ബ്‌നു അബൂ ത്വാലിബ് (റ) പറയുന്നു: നബി (സ്വ) നമ്മെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. സംസാരത്തില്‍ സത്യസന്ധത പുലര്‍ത്താനും വിശ്വസ്ഥത നിലനിര്‍ത്താനും കുടുംബ ബന്ധം ചേര്‍ക്കാനും അയല്‍വാസികളോട് നന്നായി പെരുമാറാനും കല്‍പിക്കുകയുണ്ടായി. ഞങ്ങളത് പുലര്‍ത്തി. നബി (സ്വ) യെ പൂര്‍ണാര്‍ത്ഥത്തില്‍ വിശ്വസിച്ചുകൊണ്ട് പിന്‍പറ്റി. ഞങ്ങള്‍ക്ക് നിരോധിച്ചത് ഞങ്ങള്‍ വെടിഞ്ഞു, അനുവദിച്ചു തന്നത് ചെയ്യുകയുമുണ്ടായി (ഹദീസ് അഹ്മദ് 1740).
മുഹമ്മദ് നബി(സ്വ)യാണ് സത്യവിശ്വാസിയുടെ എല്ലാ മേഖലകളിലെയും മാതൃക. ആരാധനാനുഷ്ഠാനങ്ങളിലും സ്വഭാവ വിശേഷങ്ങളിലും ഇടപാടുകളിലും ഇടപെടലുകളിലും എന്നല്ല ജീവിതത്തിന്റെ സകല മേഖലകളിലും ലോകഗുരു പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യെയാണ് സത്യവിശ്വാസികള്‍ അനുധാവനം ചെയ്യേണ്ടത്.
അല്ലാഹു പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉദാത്ത മാതൃകയുണ്ട് (സൂറത്തുല്‍ അഹ്‌സാബ് 21). ദേശസ്‌നേഹത്തിലും നാം നബി(സ്വ)യെ മാതൃകയാക്കണം. മക്കാ നാടിനോട് പ്രിയം ഉണ്ടാക്കിയത് പോലെ, അല്ലെങ്കില്‍ അതിനെക്കാളേറെ മദീന ദേശത്തോടും ഞങ്ങള്‍ക്ക് പ്രിയം ഉണ്ടാക്കേണമേ എന്നാണ് നബി (സ്വ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് (ഹദീസ് ബുഖാരി, മുസ്‌ലിം).
കുടുംബ സാമൂഹിക ജീവിതത്തില്‍ നബി (സ്വ) തന്നെയാണ് ആദര്‍ശ മാതൃക. സാമൂഹിക പരിഷ്‌കര്‍ത്താവായ നബി (സ്വ) കുടുംബത്തില്‍ നല്ലൊരു ഭര്‍ത്താവും പിതാവുമായിരുന്നു. നിങ്ങളില്‍ ഉത്തമന്‍ കുടുംബത്തോട് നന്നായി വര്‍ത്തിക്കുന്നവനാണ്, ഞാനാണ് നിങ്ങളില്‍ വെച്ച് കുടുംബത്തോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നയാള്‍ എന്നും നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ഹദീസ് തുര്‍മുദി 3895). തൊഴിലാളിക്കും തൊഴിലുടമക്കും വിദ്യാര്‍ത്ഥിക്കും അധ്യാപകനും മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കും സകലര്‍ക്കും നബി ജീവിത്തില്‍ പാഠങ്ങളുണ്ട്. മൂന്നു കാര്യങ്ങളുള്ളയാള്‍ സത്യവിശ്വാസത്തിന്റെ യഥാര്‍ത്ഥ മാധുര്യം അനുഭവിക്കുമെന്നാണ് നബി (സ്വ) പറഞ്ഞത്. അതില്‍ ആദ്യം എണ്ണിപ്പറഞ്ഞ കാര്യമാണ് സകലരെക്കാളും അല്ലാഹുവിനെയും അവന്റെ തിരുദൂതര്‍ നബി(സ്വ)യെയും സ്‌നേഹിക്കുക എന്നത് (ഹദീസ് ബുഖാരി, മുസ്‌ലിം).